ലഹരി ഇടപാട് സംശയിക്കുന്ന പ്രദേശങ്ങളിൽ പോലീസ്- എക്സൈസ് സംയുക്ത പരിശോധനയ്ക്കു നിർദേശം
Saturday, March 15, 2025 11:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഇടപാട് നടക്കുന്നതായി സംശയിക്കുന്ന പ്രദേശങ്ങളിൽ പോലീസ്-എക്സൈസ് സംഘത്തിന്റെ സംയുക്ത പരിശോധനയ്ക്കു നിർദേശം.
ഇന്നലെ ചേർന്ന പോലീസ്- എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കൂട്ടായ റെയ്ഡുകൾ നടത്തി ലഹരി ഉത്പന്നങ്ങളും കഞ്ചാവും പിടികൂടും. ലഹരിക്കടത്ത്, വില്പന അടക്കമുള്ള വിവരങ്ങൾ പരസ്പരം കൈമാറും.
ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലും കാപ്പ കേസുകളിലും ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങൾ പരസ്പരം കൈമാറും. അതിർത്തി ജില്ലകളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.
ഇവിടെയും പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി നിയോഗിക്കും. ഓണ്‍ലൈൻ ഇടപാടുകളും കുറിയർ ഇടപാടുകളും സംയുക്തമായി നിരീക്ഷിക്കും. ഇന്നലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെയും എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ, എക്സൈസ് അഡീഷണൽ കമ്മീഷണർമാർ, ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.