‘സാരഥി’ രജതജൂബിലി നിറവിൽ
Sunday, March 16, 2025 1:33 AM IST
കൊച്ചി: കേരളത്തിലെ ടാക്സി, ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി കെസിബിസി ആരംഭിച്ച ‘സാരഥി’രജതജൂബിലി നിറവിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രൈവർമാരെ ഉൾപ്പെടുത്തി 2000ലാണ് സാരഥി ആരംഭിച്ചത്.
കെസിബിസിയുടെ മേൽനോട്ടത്തിൽ ഇന്ന് കേരളത്തിൽ 200ലധികം യൂണിറ്റുകളും 80000ഓളം ഡ്രൈവർമാരായ അംഗങ്ങളും സാരഥിക്കുണ്ട്. വിവിധ ക്ഷേമപദ്ധതികൾ സാരഥിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
ഫാ. വര്‍ഗീസ് കരിപ്പേരിയും ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്തുമാണ് ആദ്യകാലത്ത് സാരഥിയെ നയിച്ചത്. ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. ജോസഫ് മക്കോളി എന്നിവരും തുടക്കത്തിൽ സാരഥിക്കൊപ്പമുണ്ടായിരുന്നു.
കെസിബിസി ജെപിഡി കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും അനിമേറ്റേർമാരും പങ്കെടുത്തു. ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. സെബാസ്റ്റ്യന്‍ കോയിക്കര, ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. ജോസഫ് മക്കോളി, സാരഥി സംസ്ഥാന ഡയറക്ടർ ഫാ. ടോം മഠത്തില്‍ക്കണ്ടത്തില്‍, അസോ. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കോയിക്കര, സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ മോളി പുല്ലന് എന്നിവർ പ്രസംഗിച്ചു.