സംസ്ഥാന പോലീസ് മേധാവിസ്ഥാനം ആറു പേരുടെ പട്ടിക കേന്ദ്രത്തിന് അയയ്ക്കും
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: അടുത്ത സംസ്ഥാന പോലീസ് മേധാവിയാകാൻ പരിഗണിക്കപ്പെടുന്ന ആറു പേരുടെ പട്ടിക കേന്ദ്രത്തിന് അയയ്ക്കും. 30 വർഷം സർവീസുള്ള യോഗേഷ് ഗുപ്തയും മനോജ് ഏബ്രഹാമും എം.ആർ. അജിത്കുമാറും അടക്കമുള്ളവരുടെ പട്ടികയാണ് അടുത്ത മാസം പകുതിയോടെ കേന്ദ്രത്തിന് അയയ്ക്കുക.
മേയ് അവസാനത്തോടെ യുപിഎസ്സി ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൂന്നുപേരുടെ അന്തിമപട്ടിക തയാറാക്കി സംസ്ഥാനത്തിനു കൈമാറും. ഈ മൂന്നു പേരുടെ പട്ടികയിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് പോലീസ് മേധാവിയാക്കാം.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ആറംഗ പട്ടിക. എന്നാൽ, യുപിഎസ്സിയുടെ മൂന്നംഗ പട്ടിക ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവും സീനിയോറിറ്റിയും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് തയാറാക്കുക. മൂന്നംഗ പട്ടികയിൽ ഉൾപ്പെടാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നവരുമുണ്ട്.
നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എസ്. സുരേഷ്, എം.ആർ. അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടവർ.
ഇതിൽ രണ്ടുപേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. സുരേഷ് രാജ് പുരോഹിത് (എസ്. സുരേഷ്) എസ്പിജിയിലും റവാഡ ചന്ദ്രശേഖർ ഐബിയിലും. പോലീസ് മേധാവിയാക്കിയാൽ കേരളത്തിലേക്ക് തിരിച്ചെത്താൻ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ച വരുത്തിയതിന് ബിഎസ്എഫ് മേധാവിയായിക്കെ കേന്ദ്രം കേരളത്തിലേക്ക് തിരിച്ചയച്ച നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. പട്ടികയിലെ ആറാമനായ എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണം നിലവിൽ നടക്കുന്നുണ്ട്.
ആറുമാസമെങ്കിലും സർവീസ് ശേഷിക്കുന്നവരെയേ പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുകയുള്ളൂ.