മദ്യവ്യവസായികൾക്കു കോടികളുടെ ഇളവുമായി സംസ്ഥാനം
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുടമകൾക്ക് കോടിക്കണക്കിനു രൂപയുടെ ആശ്വാസനടപടിയുമായി സംസ്ഥാന സർക്കാർ. ബാറുടമകൾക്ക് 2005 മുതൽ 2021 വരെയുള്ള കുടിശികകൾക്ക് ഫിനാൻസ് ബില്ലിൽ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചും പിഴ, പലിശ എന്നിവയിൽ ഇളവു പ്രഖ്യാപിച്ചുമുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.
2005 മുതൽ നടത്തിയ ബാർ പരിശോധനകൾ അപ്രസക്തമാകുംവിധമാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്. ത്രീസ്റ്റാർ ഹോട്ടലുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു വരെ കോടികളുടെ ഇളവ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യമായാണ് സംസ്ഥാനത്ത് ബാറുടമകൾക്ക് ഇത്തരത്തിലുള്ള ആംനസ്റ്റി പദ്ധതി പ്രഖ്യാപിക്കുന്നത്.
ബാറുടമകൾ സർക്കാരിലേക്കു നൽകേണ്ട നികുതിയിൽ കുടിശിക വരുത്തിയവർക്കു പൂർണമായി അടയ്ക്കാതെ വലിയൊരു തുക ഒഴിവാക്കി നൽകുന്നതാണ് പദ്ധതി.
2016ലെ അബ്കാരി പോളിസി പ്രകാരം കോവിഡ് കാലത്ത് ചെറിയ ഇളവുകൾ മാത്രമാണ് മുൻപു നൽകിയിട്ടുള്ളത്. ഇപ്പോൾ വലിയ ഇളവു നൽകുന്നതിനുപിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവിന്റെ ഭാഗമാണെന്ന ആരോപണം ഉയരുന്നുണ്ട്.
റിട്ടേണ്‍ ഫയൽ ചെയ്ത് നികുതി ഒടുക്കാത്ത ബാറുടമകൾക്ക് പലിശയിൽ 50% വും പിഴപ്പലിശ പൂർണമായും ഇളവ് നൽകും. കൃത്യമായി നികുതി അടയ്ക്കുന്ന ബാറുടമകളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.