മാര്‍ ജോസഫ് പവ്വത്തില്‍ സഭയുടെ ആരാധനക്രമത്തിന്റെ കാവല്ക്കാരന്: മാര്‍ ജോസഫ് പെരുന്തോട്ടം
Sunday, March 16, 2025 1:33 AM IST
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തില്‍ സഭാ പാരമ്പര്യത്തിന്റെയും ആരാധനക്രമത്തിന്റെയും നിതാന്ത ജാഗ്രതയുള്ള കാവല്‍ക്കാരനായിരുന്നുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആരാധനാക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തില്‍ അതിരൂപതാ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏകദിന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ആരാധനക്രമ പരിശീലനം സഭയില്‍: പവ്വത്തില്‍ പിതാവിന്റെ ദര്‍ശനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ.ഡോ. ഡൊമിനിക് മുര്യങ്കാവുങ്കല്, ദസിദേരിയോ ദെസിദരാവിയും ആരാധനാക്രമരൂപീകരണത്തിന്റെ അനിവാര്യതയും എന്ന വിഷയത്തില്‍ ഷംഷാബാദ് രൂപതാ സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്, വിശ്വാസരൂപീകരണം ആരാധനക്രമത്തിലൂടെ എന്ന വിഷയത്തില്‍ ഉജ്ജയിന്‍ റൂഹാലയ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ റവ.ഡോ. ലോനപ്പന് അരങ്ങാശേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. പി.സി. അനിയന്‍കുഞ്ഞ്, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ സോഫി റോസ് സിഎംസി, അതിരൂപതാ വികാരിജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
റവ.ഡോ. തോമസ് കറുകക്കളം, ഫാ. ജോര്‍ജ് വല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു. 2023 മാര്‍ച്ച് 18നാണ് മാര്‍ ജോസഫ് പവ്വത്തില്‍ ദിവംഗതനായത്. അദ്ദേഹത്തിന്റെ രണ്ടാംചരമവാര്‍ഷികദിനമായ 18ന് രാവിലെ ഏഴിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വിശുദ്ധകുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. ബിഷപ് മാര്‍ തോമസ് പാടിയത്ത് കാര്‍മികത്വം വഹിക്കും.