ചർച്ചയ്ക്കുപോലും വിളിക്കാതെ സർക്കാർ ; ആശയറ്റ് ആശമാർ
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന രാപകൽ സമരം ഒരു മാസം പിന്നിടുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു നിരവധി സംഘടനകൾ എത്തുന്നുണ്ടെങ്കിലും ആശാമാരുടെ സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടാകുന്നില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനോടു സമരം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതിനിടെ സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് ആശാവർക്കർമാർ.
ഇന്നലെ സമരത്തെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പരാമർശം. ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്നും സമരം ചില ദുഷ്ടശക്തികളുടെ തലയിലുദിച്ചതെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.
തങ്ങൾ സമരത്തിന് എതിരൊന്നുമല്ല, പക്ഷേ ഇതു വേണ്ടാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണ്. ഈ സമരം ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചു വന്നതാണ്. അതുകൊണ്ടുതന്നെ ഈ സമരത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
സമരം ചെയ്യുന്ന ആശാ പ്രവർത്തകയായ പാലോട് സ്വദേശി അനിതകുമാരിക്കു വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകി.
രണ്ടു ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപ ഏഴു ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വീടു ജപ്തി ചെയ്യുമെന്നു കാണിച്ചാണു ബാങ്ക് അനിതയ്ക്കു നോട്ടീസ് നൽകിയിരിക്കുന്നത്. അനിതയുടെ വായ്പ തിരിച്ചടയ്ക്കാൻ ഓർത്തഡോക്സ് സഭ സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്.