പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ മർദനം; ജൂണിയർ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
Saturday, March 15, 2025 11:51 PM IST
പയ്യന്നൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ മർദനത്തിൽ ജൂണിയർ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കോറോം മുത്തത്തി പള്ളിത്തറ സ്വദേശിയും ഒന്നാം വർഷ ബിഎ ഹിന്ദി വിദ്യാർഥിയുമായ പി. അർജുനാണ് (21) പരിക്കേറ്റത്.
അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്. സംഭവത്തിൽ ആദിഷ്, വിശാൽ, നമിശ്, ആദിത്ത്, അഭിനന്ദ്, അഭയ് എന്നിവർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു.
സീനിയർ വിദ്യാർഥികളായ ഇരുപതോളം പേർ ചേർന്ന് മർദിച്ചു എന്നാണ് അർജുന്റെ പരാതി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ പയ്യന്നൂർ കോളജ് കാമ്പസിലാണ് സംഭവം. ആക്രമണം നടത്തിയവർ മദ്യപിച്ചിരുന്നുവെന്ന് അർജുൻ പറയുന്നു.
ഹോളി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കൂട്ടമായി നൃത്തം ചെയ്തപ്പോൾ ജൂണിയർ വിദ്യാർഥികൾ നൃത്തം ചെയ്യരുതെന്ന് സീനിയർ വിദ്യാർഥികളിൽ ചിലർ അർജുൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
ഇതിനിടെ ഒരാൾ അർജുനെ അടിച്ചതോടെ പിന്നീട് സംഘം ചേർന്നുള്ള മർദനമായിരുന്നു. കൈയിലെ സ്റ്റീൽ വളയൂരി ഒരു വിദ്യാർഥി അർജുന്റെ നെഞ്ചിൽ ഇടിച്ചതിനെ തുടർന്നാണ് വാരിയെല്ലിന് പരിക്കേറ്റത്. അബോധാവസ്ഥയിലാണ് അർജുനെ ആശുപത്രിയിലെത്തിച്ചത്.