രാജപാത സഞ്ചാരയോഗ്യമാക്കണം; ജനമുന്നേറ്റയാത്ര നാളെ
Saturday, March 15, 2025 1:49 AM IST
കോതമംഗലം: പഴയ ആലുവ-മൂന്നാര്‍ റോഡ് (രാജപാത) സഞ്ചാരയോഗ്യമാക്കി തുറന്നുനൽകണമെന്നാവശ്യപ്പെട്ട് നാളെ ജനമുന്നേറ്റ യാത്ര നടക്കും. രാജപാതയിലുൾപ്പെട്ട പൂയംകുട്ടി മുതൽ പിണ്ടിമേട് വരെയാണു യാത്ര.
രാവിലെ പത്തിന് പൂയംകുട്ടിയിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, മത, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ജനമുന്നേറ്റ യാത്രയുടെ വിജയത്തിനായി കുട്ടമ്പുഴ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടറില്‍ സർവകക്ഷി യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനമുന്നേറ്റയാത്രയിൽ പരമാവധി ബഹുജന പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചു.
നിലവിലുള്ള ആലുവ-മൂന്നാര്‍ റോഡിനേക്കാള്‍ 25 കിലോമീറ്റര്‍ ദൂരം കുറവുള്ള പഴയ രാജപാത കൊടുംവളവുകളും കുത്തനേയുള്ള കയറ്റങ്ങളും ഇല്ലാത്ത പാതയാണ്. രാജപാത സഞ്ചാരയോഗ്യമാക്കുന്നത് ഈ പ്രദേശത്തിന്റെയും ജനജീവിതത്തിന്റെയും പുരോഗതിയെ സഹായിക്കും. എറണാകുളം, ഇടുക്കി ജില്ലകളുടെ ടൂറിസം വികസനത്തിനും പാത പ്രയോജനം ചെയ്യുമെന്നും യോഗം വിലയിരുത്തി.