നീതിപാലകർ ഹൃദയപൂർവം മനസിലാക്കാൻ ശ്രമിക്കുന്നവരാകണം: മാർ മൂലക്കാട്ട്
Sunday, March 16, 2025 1:33 AM IST
കൊച്ചി: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകരെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ ജഡ്ജിമാരുടെയും നീതി സംരക്ഷകരുടെയും രൂപതകളിലെ ജുഡീഷൽ വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഭയുടെ നീതി നിർവഹണ വിഭാഗത്തിന്റെ മോഡറേറ്റർകൂടിയായ മാർ മൂലക്കാട്ട്.
മുറിവുകളെ സൗഖ്യമാക്കാനും വിഭജിക്കപ്പെട്ടതിനെ അനുരഞ്ജിപ്പിക്കാനും ആശയക്കുഴപ്പമുള്ളിടത്ത് വ്യക്തത വരുത്താനും നിയമനിർവഹണംകൊണ്ടു സാധ്യമാകണം. നിയമവിദഗ്ധർ സത്യവും നീതിയും സ്നേഹവും കാരുണ്യവും ഉറപ്പാക്കുന്ന ഇടയ ശുശ്രൂഷകരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സഭാ ട്രൈബ്യൂണലുകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും യോഗം ചർച്ച ചെയ്തു. മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണലിന്റെ ജഡ്ജിയായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും സേവനം ചെയ്ത റവ. ഡോ. തോമസ് ആദോപ്പിള്ളിക്ക് ചടങ്ങിൽ നന്ദിയറിയിച്ചു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ട്രൈബ്യൂണൽ പ്രസിഡന്റ് റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, വൈസ് പ്രസിഡന്റ് റവ. ഡോ. ജോസഫ് മുകളേപറമ്പിൽ, റവ. ഡോ. തോമസ് തെങ്ങുംപള്ളി, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, സിസ്റ്റർ ജിഷ ജോബ് എന്നിവർ പ്രസംഗിച്ചു.