ജീവനക്കാര്‍ കുറവ്; ലഹരി അന്വേഷണത്തിൽ കിതച്ച് എക്സൈസ് സേന
Saturday, March 15, 2025 1:49 AM IST
എം. ജയതിലകന്‍
കോഴിക്കോട്: മയക്കുമരുന്നിനെതിരേ സംസ്ഥാനത്ത് പോരാട്ടം കടുപ്പിക്കുന്ന ഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ എക്സൈസ് സേന കിതയ്ക്കുന്നു. കഞ്ചാവും എംഡിഎംഎയും യുവതലമുറയെ വരിഞ്ഞുമുറുക്കുമ്പോള്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തില്‍പോലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥ.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതിനാല് ഉള്ള ജീവനക്കാരെ വച്ചാണ് സേനയുടെ പ്രവര്‍ത്തനം. ഇതു കാരണം അമിതജോലി ഭാരം സേനാംഗങ്ങളെ തളര്‍ത്തുന്നു.
സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം ലഹരിവസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സ്കൂള്‍,കോളജ് കാമ്പസുകള്‍ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രീകരണം. എംഡിഎംഎ നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമായ ലഹരി വസ്തുവായി.
ലഹരിക്കടിപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും സംഘട്ടനങ്ങളും ജനജീവിതത്തിനു വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. ലഹരിക്കെതിരേ സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം രംഗത്തുണ്ടെങ്കിലും ഇതിനു തടയിടേണ്ട എക്സൈസ് വകുപ്പ് വേണ്ടത്ര സജ്ജരല്ല എന്നതാണു വെല്ലുവിളിയായിട്ടുള്ളത്.
സംസ്ഥാനത്താകെ അയ്യായിരത്തില്‍ താഴെ എക്സൈസ് സേനാംഗങ്ങാണുള്ളത്. റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ നിയമനം നടക്കുന്നതല്ലാതെ സേനയിലെ അംഗസംഖ്യ കൂടുന്നില്ല. ഇതിനു പുതിയ തസ്തികകള്‍ സൃഷ്ടിക്കണം.
എം.ബി. രാജേഷ് വകുപ്പുമന്ത്രിയായ ശേഷം, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു തസ്തികപോലും അനുവദിച്ചിട്ടില്ല. ടി.പി. രാമകൃഷ്ണന് വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ 359 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ തുടക്കത്തില്‍ മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ 31 തസ്തികകള്‍ അനുവദിച്ചിരുന്നു. വകുപ്പില്‍ പുതിയ റേഞ്ച് ഓഫീസുകളും സര്‍ക്കിള്‍ ഓഫീസുകളും തുറക്കുന്നില്ല.
ജീവനക്കാരുടെ പ്രമോഷനും നടക്കുന്നില്ല. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ പ്രമോഷന് നടത്താനും നടപടിയായിട്ടില്ല. 44 അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികയില്‍ പ്രമോഷന് നല്കിയാല് 44 േപര്‍ക്ക് പുതുതായി നിയമനം ലഭിക്കുന്ന അവസ്ഥയുണ്ടാകും. പത്തോളം പോലീസ് സ്റ്റേഷന് പരിധിയാണ് ഒരു എക്സൈസ് റേഞ്ച് ഓഫീസിനുള്ളത്.
ലഹരിവസ്തുക്കളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു നടപടി സ്വീകരിക്കേണ്ട എക്സൈസിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഒരു ജില്ലയില്‍ അഞ്ചു പ്രിവന്റീവ് ഓഫീസര്‍മാരും ഒരു ഇന്‍സ്പെക്ടറുമാണ് ഇന്റലിജന്സിലുള്ളത്.
ലീവും ഓഫും കഴിഞ്ഞാല്‍ ഒരു ജില്ലയില്‍ ഡ്യൂട്ടിക്ക് ഉണ്ടാവുക മൂന്ന് പ്രിവിന്റീവ് ഓഫീസര്‍മാര്‍ മാത്രം. ഇന്റലിജന്‍സ് പ്രവര്‍ത്തനം പേരിനുമാത്രമായി മാറി. ഇവര്‍ക്കാകട്ടെ പരിശോധനയ്ക്കുള്ള ഉപകരണങ്ങളും വാഹനങ്ങളും ഇല്ല.
പതിനഞ്ചു വര്‍ഷം കാലാവധികഴിഞ്ഞ വകുപ്പിന്റെ വാഹനങ്ങള്‍ കട്ടപ്പുറത്തായതു കാരണം വാഹനക്ഷാമം രൂക്ഷമാണ്.
ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അസി. കമ്മിഷണര്‍മാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും താഴെത്തട്ടില്‍ വാഹനങ്ങളില്ല. റേഞ്ച് ഓഫീസിലെ വാഹനങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഉള്ളവയിലാകട്ടെ ഡ്രൈവര്‍മാരുമില്ല. ഡ്രൈവര്‍ തസ്തിക ഇല്ലാത്തതാണ് ഇതിനു കാരണം.
എക്സൈസിനെ സൈബര്‍ സംവിധാനവും പ്രഹസനമാണ്. ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള യാതൊരു സംവിധാനവും ഈ വിംഗിനില്ല. പലപ്പോഴും പോലീസിനെ ആശ്രയിക്കുകയാണു ചെയ്യുന്നത്. പോലീസില്‍നിന്നു വിവരം കിട്ടാന്‍ കാലതാമസം വരുന്നതു തിരിച്ചടിയാവുകയും ചെയ്യുന്നു.