മുനമ്പം ഭൂസമരത്തില്‍ തീരദേശ ജനതയ്ക്കൊപ്പം: സിപിഎം
Sunday, November 3, 2024 1:04 AM IST
മുനമ്പം: മുനമ്പം ഭൂസമരത്തില്‍ സിപിഎം തീരദേശ ജനതയ്ക്കൊപ്പമാണെന്ന് വൈപ്പിന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി എ.പി. പ്രിനില്‍.
വിഷയത്തില്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്. ഇതിന്റെ മറവില്‍ സാമുദായിക ധ്രുവീകരണത്തിനും ജനങ്ങളെ വിഘടിപ്പിക്കാനും ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്ന 610 കുടുംബങ്ങളില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ഇവരുടെ ഭൂമിയുടെ കരമടയ്ക്കുന്നത് വഖഫ് ബോര്‍ഡ് സിഇഒയുടെ ഉത്തരവിനെത്തുടര്‍ന്ന് റവന്യു വകുപ്പ് നിര്‍ത്തിവയ്ക്കുകയുണ്ടായി.
2022 ഏപ്രില്‍ 20ന് സിപിഎം നേതൃത്വത്തില്‍ ഇവിടുത്തെ താമസക്കാര്‍ സമരം ആരംഭിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ വഴി മുഖ്യമന്ത്രിക്ക് നിവേദനവും നല്കി. മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചര്‍ച്ച ചെയ്യുകയും കരം സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനെതിരേ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട രണ്ടുപേര്‍ വഖഫ് സംരക്ഷണ സമിതി എന്നപേരില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
കോടതി നടപടി തീരുന്നതോടെ താമസക്കാര്‍ക്ക് റവന്യു രേഖകള്‍ നല്‍കാനാകുമെന്നും ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്നമില്ലെന്നും നിയമസഭയില്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന് വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.
16ന് മുഖ്യമന്ത്രി വിളിച്ച ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും എ.പി. പ്രിനില്‍ പറഞ്ഞു.