മുനമ്പം ഭൂമി പ്രശ്നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം:മുസ്ലിം സംഘടനാ നേതാക്കൾ
Saturday, November 2, 2024 1:32 AM IST
കോഴിക്കോട്: ചെറായി മുനമ്പം ഭൂമി പ്രശ്നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ടുപോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം.
പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തർക്കത്തെ സ്ഥാപിത താത്പര്യക്കാർ ഉപയോഗപ്പെടുത്തുകയാണ്-യോഗം ചൂണ്ടിക്കാട്ടി.
സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എംപി, ഡോ. എം.കെ. മുനീർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, കെഎൻഎം, ജമാഅത്തെ ഇസ്ലാമി, കെഎൻഎം മർക്കസുദ്ദഅ്വ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എംഇഎസ്, എംഎസ്എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി. മുജീബ് റഹ്മാൻ, എ.ഐ. മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രഫ. എ.കെ. ഹമീദ്, സി.പി. ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി.പി. അബ്ദുറഹ്മാൻ, അഡ്വ. പി.കെ. അബൂബക്കർ, കെ.എം. മൻസൂർ അഹമ്മദ്, ഇ.ടി. അഷ്റഫ് ബാഖവി, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി എന്നിവർ പങ്കെടുത്തു.