എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
Saturday, November 2, 2024 1:32 AM IST
കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിന് എൻ.എസ്. മാധവൻ അർഹനായി.
അഞ്ച് ലക്ഷം രൂപയും ശില്പ വും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും.
എസ്.കെ. വസന്തൻ ചെയർമാനും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളും സി.പി.അബൂബക്കർ മെംബർ സെക്രട്ടറിയുമായുള്ള സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
1948ൽ എറണാകുളത്ത് ജനിച്ച എൻ.എസ്. മാധവന് 1975ൽ ഐഎഎസ് ലഭിച്ചു. ധനകാര്യവകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, വിവർത്തനത്തിനുള്ള ക്രോസ്വേഡ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവ വികാസങ്ങളെ ബന്ധപ്പെടുത്തി "വൻമരങ്ങൾ വീഴുമ്പോൾ' എന്ന ചെറുകഥയും രചിച്ചു. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, പര്യായകഥകൾ, നാലാം ലോകം, ഹിഗ്വിറ്റ, ചൂളൈമേട്ടിലെ ശവങ്ങൾ, നിലവിളി, പഞ്ചകന്യകകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.