ചട്ടം ലംഘിച്ച് സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയും ഊരാളുങ്കലിന്
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: ചട്ടം ലംഘിച്ച് സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയും ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കു നൽകാൻ സർക്കാർ നീക്കം.
സാംസ്കാരിക വകുപ്പു നിർമിച്ച കൊല്ലത്തെ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ തുടർനടത്തിപ്പു ചുതമല ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി പോലുള്ള ഒരു ഏജൻസിയെ ഏൽപ്പിക്കാനാണ് നീക്കം.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ 90 ശതമാനം നിർമാണ പ്രവൃത്തികളും ഊരാളുങ്കലിനു നൽകിയിരുന്നു. ടെൻഡർ നടപടികൾ പോലും ഒഴിവാക്കി യായിരുന്നു ഊരാളുങ്കലിനു കരാർ നൽകിയത്.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് 10,000 കോടി രൂപയ്ക്കു മുകളിലുള്ള പ്രവൃത്തികളാണ് ഊരാളുങ്കലിനു നൽകിയത്. ക്ലിഫ് ഹൗസിലെ നീന്തൽക്കുളം മുതൽ സെക്രട്ടേറിയറ്റിലെ നിർമാണപ്രവർത്തനവും വിവിധ സർക്കാർ പ്രോജക്്ടുകളും ഊരാളുങ്കലിനാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളിൽ സംസ്കാരിക നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ ആരംഭിക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തിൽ കൊല്ലത്ത് സ്ഥാപിച്ചതാണ് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം. ഇതിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
സർക്കാർ തുടങ്ങുന്ന സ്ഥാപനങ്ങൾ സർക്കാർതന്നെ നടത്തണമെന്നു ചട്ടമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പിന്തുണയോടെ ഊരാളുങ്കലിന് നടത്തിപ്പു ചുമതല കൈമാറാനൊരുങ്ങുന്നത്.
നിയമസഭയിലെ നിർമാണപ്രവൃത്തികളും ഊരാളുങ്കലിനു നൽകിയിരുന്നു. പിണറായി സർക്കാരുകളുടെ കാലത്ത് 4681 സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർമാണപ്രവൃത്തികളാണ് ഊരാളുങ്കലിന് ടെൻഡർ ക്ഷണിച്ചും ടെൻഡറില്ലാതെയും നൽകിയത്.