മകളെ കൊലപ്പെടുത്തിയ കേസ്: അച്ഛനെ വെറുതെ വിട്ടു
Sunday, November 3, 2024 1:04 AM IST
കൊച്ചി: മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ അച്ഛനെ ഹൈക്കോടതി വെറുതെ വിട്ടു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പാലക്കാട് ഗോവിന്ദപുരം സ്വദേശി മുരുകനെയാണു ജസ്റ്റീസ് സി.എസ്. സുധ വെറുതെ വിട്ടത്.
2009 മാര്‍ച്ച് 25നായിരുന്നു ദിവ്യയുടെ മരണം. കുട്ടിയെ അച്ഛൻ തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സാരികൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ ഊഞ്ഞാലാടുമ്പോള്‍ അബദ്ധത്തില്‍ കുടുങ്ങിയതാണെന്ന് പ്രതിഭാഗം വാദിച്ചു.
കൊലക്കുറ്റം ഒഴിവാക്കിയെങ്കിലും മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് 2016ല്‍ മുരുകനെ സെഷന്‍സ് കോടതി പത്തു വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
പ്രതിക്കെതിരേ പോലീസ് ഹാജരാക്കിയ വസ്തുതകള്‍ സംശയനിഴലിലാക്കുന്നുണ്ടെന്നും സംശയം എത്ര ശക്തമാണെങ്കിലും അതു തെളിവിനു പകരമാകില്ലെന്നും കോടതി വ്യക്തമാക്കി.
മുരുകന്റെ രണ്ടാം ഭാര്യയിലുണ്ടായ മൂത്ത കുട്ടിയാണു ദിവ്യ.
ആദ്യഭാര്യയുടെ വീട്ടില്‍ പോകരുതെന്ന് മുരുകന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കുട്ടി പോകുമായിരുന്നെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവദിവസം മുരുകന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തൊട്ടിലില്‍ കളിച്ചുകൊണ്ടിരുന്ന മകളെ പലവട്ടം വിളിച്ചെങ്കിലും വിളി കേട്ടില്ല. കുപിതനായി കൊലനടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ പ്രതി കുറ്റം ചെയ്തെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.