റേഷൻ കാർഡ് മസ്റ്ററിംഗിന് ‘മേരാ കെവൈസി’ മൊബൈൽ ആപ്ലിക്കേഷൻ
Sunday, November 3, 2024 1:04 AM IST
തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗിന് മേരാ കെവൈസി മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന്റെ സാങ്കേതിക പരിശോധന നടത്തി വരികയാണ്.
അടുത്ത 11ഓടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇ-കെവൈസി അപ്ഡേഷൻ നടത്താനാകും.
മൊബൈൽ ആപ്പിലൂടെ റേഷൻ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.
നവംബർ അഞ്ചിന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികൾ, ആറുമുതൽ ഐറിസ് സ്കാനർ ഉപയോഗിച്ചു വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പു രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ താലൂക്കുകളിൽ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.