വൈഎംസിഎ കേരള റീജൺ സപ്തതി ഉദ്ഘാടനം നാളെ
Sunday, November 3, 2024 1:04 AM IST
ആലുവ: അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്നും വന്യമൃഗ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വൈഎംസിഎയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി രാഷ്ട്രപതിക്ക് സമർപ്പിക്കും. വൈഎംസിഎ കേരള റീജൺസപ്തതി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഭാരവാഹികൾ അറിയിച്ചു.
സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് വൈഎംസിഎ ആലുവ ക്യാമ്പ് സെന്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണവും ജസ്റ്റീസ് ജെ.ബി. കോശി മുഖ്യപ്രഭാഷണവും നിർവഹിക്കും.
വൈഎംസിഎ കേരള റീജൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിക്കും. ഒക്ടോബർ 20ന് കാസർഗോഡുനിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ സംഘടിപ്പിച്ച സപ്തതി സന്ദേശ സമാധാനയാത്രയുടെ സമാപനവും ഇതോടനുബന്ധിച്ച് നടക്കും.
കേരള റീജൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ, സെക്രട്ടറി ഡേവിഡ് സാമുവൽ, നാഷണൽ എക്സിക്യൂട്ടീവംഗം വർഗീസ് അലക്സാണ്ടർ, കുര്യൻ തൂമ്പുങ്കൽ എന്നിവർ ആലുവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.