ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Sunday, November 3, 2024 1:04 AM IST
കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.
എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷ്വറന്‍സ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയാണു നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കും.
വെര്‍ച്വല്‍ ക്യൂവിനു പുറമേ പതിനായിരം ഭക്തരെ പ്രവേശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവൃത്തികളും ഈമാസം 10നകം പൂര്‍ത്തീകരിക്കും.
നിലയ്ക്കല്‍, സന്നിധാനം പമ്പ, അപ്പാച്ചിമേട് എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവടങ്ങളിലും വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. പ്രത്യേകവാര്‍ഡുകള്‍ തുറക്കും.
നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം
മോട്ടോര്‍ വാഹനവകുപ്പ് സേഫ് സോണ്‍ പദ്ധതി വഴി 20 സ്ക്വാഡുകളെ പട്രോളിംഗിനായി നിയോഗിക്കും. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. പമ്പ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.
എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിംഗിനായി വിനിയോഗിക്കും.കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.