കത്തോലിക്ക കോണ്‍ഗ്രസ് പത്തിന് മുനമ്പം ഐക്യദാര്‍ഢ്യ ദിനം ആചരിക്കും
Sunday, November 3, 2024 1:04 AM IST
കൊച്ചി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തിന് മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും.
മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിന്മേലുള്ള വഖഫ് അവകാശവാദം പൂര്‍ണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ മറുപടി പറയുക, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു ദിനാചരണം.
ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിഷ്പക്ഷമായും നിര്‍ഭയമായും നീതിപൂര്‍വമായും നിലപാട് എടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അന്നേദിവസം കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരളത്തിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍, റാലികള്‍, പ്രമേയം അവതരിപ്പിക്കൽ, ജനപ്രതിനിധികള്‍ക്കു നിവേദനം സമര്‍പ്പിക്കൽ തുടങ്ങിയവ നടത്തും. കൂടാതെ കത്തോലിക്ക കോണ്‍ഗ്രസ് രൂപത സമിതികളുടെ നേതൃത്വത്തില്‍ മുനമ്പത്ത് സന്ദര്‍ശനം നടത്തി ഐക്യദാര്‍ഢ്യം അറിയിക്കും.