എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു
Saturday, November 2, 2024 1:32 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ഇന്നലെ പോലീസ് കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു.
ദിവ്യയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ച കണ്ണൂർ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
രണ്ടു ദിവസത്തെ കസ്റ്റഡിക്കാണു പോലീസ് അപേക്ഷിച്ചതെങ്കിലും ഇന്നലെ വൈകുന്നേരം അഞ്ചുവരെ മാത്രമാണു കോടതി കസ്റ്റഡി അനുവദിച്ചത്. ഇന്നലെ രാവിലെ കോടതി പ്രവർത്തനമാരംഭിച്ച ഉടൻതന്നെ പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചാണു ചോദ്യംചെയ്തത്.
ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ ചോദ്യംചെയ്യലിനു ശേഷം വൈദ്യപരിശോധന നടത്തി വൈകുന്നേരം നാലോടെ കോടതിയിൽ ഹാജരാക്കി. തുടർന്ന് ദിവ്യയെ പള്ളിക്കുന്ന് സെൻട്രൽ ജയിൽവളപ്പിലെ ജില്ലാ വനിതാ ജയിലിലേക്കു തിരിച്ചയച്ചു.
നേരത്തേ ദിവ്യ തലശേരി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയ പശ്ചാത്തലത്തിൽ പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരേ പ്രതിഭാഗം അഭിഭാഷകൻ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്.
അന്വേഷണം സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ച രേഖകൾ സമഗ്രമല്ലെന്ന ആരോപണമാണു പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിവ്യയെ ചോദ്യം ചെയ്ത് സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണു പോലീസ്.
നിർണായകമായ ചില വിവരങ്ങൾ ചോദ്യംചെയ്യലിൽ വെളിപ്പെട്ടതായും വിവരമുണ്ട്. നേരത്തേ തലശേരി കോടതി മുൻകൂർ ജാമ്യഹർജി തള്ളിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത ദിവ്യയെ കണ്ണൂരിലെ മജിസ്ട്രേറ്റ് അവധിയായതിനാൽ കണ്ണൂരിന്റെ ചുമതലയുള്ള തളിപ്പറന്പ് മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയായിരുന്നു റിമാൻഡ് ചെയ്തത്.