ഭൂമി വിൽക്കാനാകുന്നില്ല, ജപ്തി വീട്ടുപടിക്കൽ..!
Saturday, November 2, 2024 1:32 AM IST
സിജോ പൈനാടത്ത്
മുനന്പം: ""പൊള്ളലേറ്റ് അവശനിലയിലായ അമ്മയെയും ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി എനിക്കു പോകാൻ വേറെ ഇടമില്ല. ബാങ്കുകാർ ഇറക്കിവിട്ടാൽ പെരുവഴിയിൽ കിടക്കുകയല്ലാതെ മറ്റു വഴികളൊന്നും മുന്നിലില്ല.’’- കോവിഡിനു മുന്പ് ചെമ്മീൻകെട്ടിനായി വായ്പയെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തിനടപടികൾ ആരംഭിക്കാൻ ബാങ്കധികൃതർ വീട്ടിലെത്തിയപ്പോൾ മുനന്പം പുല്ലാർക്കാട്ട് ബിജു സങ്കടത്തോടെ പറഞ്ഞതിങ്ങനെ.
തന്റെ മുന്നിലെത്തിയ പ്രതിസന്ധിക്ക് ബാങ്കിനെ മാത്രമല്ല ആരെയും കുറ്റപ്പെടുത്താൻ ബിജു തയാറല്ല. ഒരേയൊരു ആവശ്യം മാത്രമാണ് അധികൃതരോടു പറയാനുള്ളത്- ""വഖഫ് അവകാശവാദത്തിന്റെ പേരിൽ എനിക്ക് ഭൂമി വിൽക്കാനാകുന്നില്ല. ആ തടസം എങ്ങനെയെങ്കിലുമൊന്ന് മാറ്റിത്തരൂ... കടം ഞാൻ വീട്ടിക്കോളാം’’.
2018 ലാണ് സഹോദരൻ അനിലിന്റെ ചെമ്മീൻകെട്ട് വിപുലപ്പെടുത്താൻ കേരള ബാങ്കിന്റെ മുനന്പം ശാഖയിൽനിന്ന് പത്തു ലക്ഷം രൂപ ബിജു വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധി മാറിത്തുടങ്ങിയതുമുതൽ ഒരു വർഷം മുന്പു വരെ വായ്പയിലേക്ക് പ്രതിമാസം 14500 രൂപ വീതം അടച്ചുവന്നു.
അടുത്തുള്ള ഹോം സ്റ്റേയിൽ ജോലിക്കു പോകുന്ന ബിജുവിനും റിസോർട്ടിലെ അടുക്കളജോലിക്കാരിയായ ഭാര്യ സന്ധ്യയ്ക്കും കിട്ടുന്ന വരുമാനം മുഴുവൻ വായ്പയുടെ തിരിച്ചടവിനേ ഉണ്ടായിരുന്നുള്ളൂ.
നാലു ലക്ഷം രൂപ അടച്ചെങ്കിലും തിരിച്ചടവിൽ കാലതാമസവും മുടക്കവും വന്നതോടെ പലിശയുൾപ്പെടെ ബാങ്കിലെ ബാധ്യത ഇപ്പോൾ 16 ലക്ഷമായി. ചെമ്മീൻകെട്ട് നഷ്ടമായതോടെ പ്രതിസന്ധി ഇരട്ടിയായി. സഹോദരൻ ഇപ്പോൾ വാടകവീട്ടിലാണു താമസം.
സഞ്ജയും ശ്രേയസുമാണ് ബിജുവിന്റെ മക്കൾ. രണ്ടു മാസം മുന്പാണു പാചകം ചെയ്യുന്നതിനിടെ 88കാരിയായ അമ്മ ഇന്ദുലേഖയ്ക്കു പൊള്ളലേറ്റത്. ബാങ്കിലെ വായ്പത്തുക വൈകാതെ അടച്ചില്ലെങ്കിൽ ഈ കുടുംബത്തിന് വീടുപേക്ഷിച്ച് ഇറങ്ങേണ്ടിവരും.
""വീടും സ്ഥലവും വിറ്റു വാടകവീട്ടിലേക്കു മാറാൻ പലവട്ടം ശ്രമം നടത്തിയതാണ്. ഭൂമി വിൽക്കാൻ ഒരാളിൽനിന്ന് അഡ്വാൻസും വാങ്ങി. വഖഫ് അവകാശവാദമുണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിൽ കൈമാറ്റം നടന്നില്ല.
അഡ്വാൻസ് തിരിച്ചുകൊടുത്തു. ഭൂമി കൈമാറാൻ അനുവാദം ലഭിച്ചാൽ വിറ്റു ബാങ്കിലെ ബാധ്യത തീർക്കാനാകും. ഇപ്പോഴത്തെ സ്ഥിതിയിൽ അതിനാകുന്നില്ല... ഇനി എന്തു ചെയ്യുമെന്നുമറിയില്ല’’- ബിജു പറയുന്നു.