സാവി സ്നേഹാലയ സ്പെഷൽ സ്കൂളിന് ടച്ച് സ്ക്രീൻ ലാപ്ടോപ് നൽകി
Sunday, November 3, 2024 1:04 AM IST
കാസർഗോഡ്: സാവി സ്നേഹാലയ സ്പെഷൽ സ്കൂളിന് ഡൗൺ സിൻഡ്രോം ബാധിതരുടെ പഠനാവശ്യത്തിനായി ഗലീലിയൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ടച്ച് സ്ക്രീൻ ലാപ്ടോപ് നൽകി.
ഗലീലിയൻ ട്രസ്റ്റ് ചെയർമാൻ ഫാ. ജോർജ് ഇലവുംകുന്നേൽ, ട്രസ്റ്റ് അംഗങ്ങളായ ഡോ. ദീപു ബെൻസൺ, സിബി വെള്ളരിക്കുണ്ട് എന്നിവർ പഠനോപകരണങ്ങൾ പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി എസ്ഡിപിക്ക് കൈമാറി.
ഡൗൺ സിൻഡ്രോം ബാധിതരുടെ പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വേറായ സിബോർഡിന്റെ മലയാളം പരിഭാഷ ഈ ടച്ച് സ്ക്രീൻ ലാപ്ടോപ്പിൽ ലഭ്യമാണ്.
ആഗോളതലത്തിൽ തന്നെ ഉപയോഗിക്കപ്പെടുന്ന ഈ പരിശീലന സോഫ്റ്റ്വേറിന്റെ മലയാളം പരിഭാഷ തയാറാക്കിയത് ഐടി വിദഗ്ധനായ ഫെബിൻ കെ. ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള യുവ എൻജിനിയർമാരാണ്.
ഗലീലിയൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സിബോർഡ് സോഫ്റ്റ്വേറിനെക്കുറിച്ച് നടത്തിയ ഹ്രസ്വപരിശീലന പരിപാടിയിൽ സ്പെഷൽ സ്കൂൾ അധ്യാപകരായ കെ.വിജീഷ, സിസ്റ്റർ ജിഷ എസ്ഡിപി, സിസ്റ്റർ അനു എസ്ഡിപി തുടങ്ങിയവർ പങ്കെടുത്തു.