ആരോപണ-പ്രത്യാരോപണങ്ങൾ കത്തുന്നു ; വിവാദച്ചൂടിൽ പോർക്കളം
Saturday, November 2, 2024 1:14 AM IST
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾമാത്രം ശേഷിക്കേ വിവാദങ്ങൾ നിറഞ്ഞ് പോരാട്ടഭൂമി. പൂരംകലക്കലും ആനയെഴുന്നള്ളിപ്പും വെടിക്കെട്ട് ദൂരപരിധിയും ചൂടേറിയ വാഗ്വാദങ്ങളിലേക്കു പോകുന്പോൾ അതുവരെ ഗോളടിച്ച ബിജെപിക്കു തിരിച്ചടിയായി കുഴൽപ്പണ വിവാദം. കേവലം പ്രാദേശികതലത്തിൽ ഒതുങ്ങാതെ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കു വരെ കുന്തമുന നീട്ടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.
സുരേഷ് ഗോപിയുടെ ആംബുലൻസ് പ്രസ്താവന നേതൃത്വത്തിനുണ്ടാക്കിയ അന്പരപ്പ് മാറുംമുന്പേയാണ് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയുടെ കുഴൽപ്പണ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിനെക്കുറിച്ചു വെളിപ്പെടുത്തിയ സ്ഥിതിക്ക് എല്ലാക്കാര്യങ്ങളും തുറന്നുപറയുമെന്നാണു തിരൂർ സതീഷിന്റെ നിലപാട്.
കോടതിയിൽ കുറ്റപത്രം നൽകിയതിനൊപ്പം ആദായനികുതി വകുപ്പിനും കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇഡിക്കും പോലീസ് റിപ്പോർട്ട് നൽകിയിരുന്നതാണ്. കേസ് ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പണമെത്തിക്കാൻ പിന്നിൽ പ്രവർത്തിച്ചതു കർണാടകയിലെ ബിജെപി എംഎൽഎയാണെന്നാണു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, പേരു വെളിപ്പെടുത്തിയിട്ടുമില്ല.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്യുന്നെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ച എസിപി വി.കെ. രാജു വീണ്ടും സതീഷിന്റെ മൊഴിയെടുക്കും.
കുഴൽപ്പണക്കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതാക്കളും രംഗത്തു വന്നു. കേസിൽ തുടരന്വേഷണത്തിനു സിപിഎം നിർദേശം നൽകിയതോടെ ആരോപണ-പ്രത്യാരോപണങ്ങൾ കടുക്കുമെന്ന് ഉറപ്പായി.
നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുമുന്പു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും അട്ടിമറിക്കാനാണ് പണം എത്തിച്ചതെന്നാണു സിപിഎമ്മിന്റെ ആരോപണം.
കരുവന്നൂർ, കുട്ടനെല്ലൂർ ബാങ്ക് വായ്പാ തട്ടിപ്പുകേസുകളിൽ പഴുതുണ്ടാക്കി അന്വേഷിക്കുന്ന ഇഡി, തെളിവുകളുള്ള കള്ളപ്പണക്കേസിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ചോദ്യം.
എഡിഎമ്മിന്റെ മരണത്തെത്തുടർന്നു പി.പി. ദിവ്യക്കെതിരേ ഉയർന്ന പ്രതിഷേധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പുതിയ വിവാദങ്ങളിലൂടെ ആ വിഷയം സജീവ ചർച്ചയിൽനിന്നു മാറ്റിനിർത്താനാകുമെന്നാണു കണക്കുകൂട്ടൽ.
ചേലക്കര തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന കോണ്ഗ്രസ് നേതാക്കളും കുഴൽപ്പണക്കടത്തിൽ ശക്തമായി രംഗത്തു വന്നു. പൂരം കലക്കിയതു സിപിഎം-ബിജെപി ഡീൽ ആയിരുന്നെന്ന് ആരോപിച്ച കോണ്ഗ്രസ്, കൊടകര കുഴൽപ്പണക്കേസിലും ഇതേ നിലപാടിലാണ്.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ടു സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനൊപ്പം പൂരം കലക്കലും കേന്ദ്ര നിലപാടിനെത്തുടർന്നു പ്രതിസന്ധിയിലായ വെടിക്കെട്ടും കോണ്ഗ്രസ് സജീവമാക്കി നിർത്തുന്നു.
ആഭ്യന്തര തർക്കങ്ങളിൽനിന്നും മറ്റു രാഷ്്ട്രീയ ചർച്ചകളിൽനിന്നും പ്രചാരണത്തെ വഴിമാറ്റിവിടാനുള്ള അവസരമായിട്ടുകൂടി നേതാക്കൾ പുതിയ വിവാദത്തെ കാണുന്നു.