ശ്രേഷ്ഠ ബാവയ്ക്ക് ഇന്ന് യാത്രാമൊഴി
Saturday, November 2, 2024 1:32 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (95)യ്ക്ക് ഇന്നു സഭയുടെയും സമൂഹത്തിന്റെയും യാത്രാമൊഴി. കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ആരംഭിക്കും.
കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒന്‍പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തന്‍കുരിശിലെത്തിച്ചത്. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളുമുള്‍പ്പെടെ വന്‍ ജനാവലിക്കു നടുവിലൂടെ ശ്രേഷ്ഠ ബാവ അവസാനമായി കത്തീഡ്രലിലേക്ക്.
പൊതുദര്‍ശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പുത്തന്‍കുരിശിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും അന്തിമോപചാരമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാണാമായിരുന്നു.
കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ കോതമംഗലം ചെറിയപള്ളിയിലും മൂന്നാം ഘട്ടം വലിയപള്ളിയിലും ഇന്നലെ നടന്നു. തുടര്‍ന്നുള്ള പ്രാര്‍ഥനാശുശ്രൂഷകളും അഖണ്ഡപ്രാര്ഥനകളും രാത്രിയില്‍ പുത്തന്‍കുരിശ് കത്തീഡ്രലില്‍ തുടരുകയാണ്.
ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകളുടെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയില്‍നിന്നുള്ള മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെയില്‍നിന്നുള്ള മാര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുത്തന്‍കുരിശിലെത്തും.
കബറടക്ക ശുശ്രൂഷകളുടെ ഭാഗമായി അനുശോചന യോഗവും ഉണ്ടാകും.ആഗോള സുറിയാനി സഭയുടെ അധ്യക്ഷനും അന്ത്യോഖ്യാ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് ബാവ ഡമാസ്കസിലെ പാത്രിയര്‍ക്കാ അരമന കത്തീഡ്രലില്‍ ശ്രേഷ്ഠ ബാവായ്ക്കുവേണ്ടി ഇന്നലെ പ്രത്യേക ധൂപപ്രാര്‍ഥന നടത്തി.
ഭൗതികദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇന്നലെ പുലർച്ചെ 3.20 നാണ് ചെറിയപള്ളിയിൽ പൊതുദർശനത്തിനായി എത്തിച്ചത്. പുലർച്ചെ തുടങ്ങിയ മഴ വകവയ്ക്കാതെ വൈദികരും വിശ്വാസികളുമുൾപ്പടെ അനേകർ പള്ളിയിലേക്ക് ഒഴുകിയെത്തി.
ചെറിയപള്ളിയിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ മാതൃദേവാലയമെന്നറിയപ്പെടുന്ന മർത്ത മറിയം വലിയ പള്ളിയിലെത്തിച്ചു.
വിടവാങ്ങൽ ശുശ്രൂഷയിലെ മൂന്നാംഘട്ട പ്രാർഥനകൾ വലിയപള്ളിയിൽ നടത്തിയശേഷം 3.30 ഓടെ ഭൗതികദേഹം കബറടക്ക ശുശ്രൂഷകൾ നടക്കുന്ന പുത്തൻകുരിശിലെ പാത്രിയാർക്കാ സെന്ററിലേക്ക് കൊണ്ടുപോയി. നിരവധി വാഹനങ്ങളുടെ അകന്പടിയോടെ കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിലാണു ഭൗതികദേഹം വഹിച്ചത്.