ചങ്ങനാശേരി: കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളിൽ നിർണായകമായ നിരവധി സമര പോരാട്ടങ്ങൾക്കു ചരിത്രസാക്ഷ്യം നൽകിയ ചങ്ങനാശേരിയിൽ ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരേ സമരകാഹളം. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിക്കാൻ ചങ്ങനാശേരി എസ്ബി കോളജിലെ മോണ്. കല്ലറയ്ക്കൽ ഹാളിൽ ചേർന്ന അതിരൂപത കത്തോലിക്ക കോണ്ഗ്രസ് സമ്മേളനമാണ് പ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകിയത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിവേചനരഹിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് ധർണ നടത്താനും 2020 ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനം കോട്ടയത്തു സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. 2020 സമുദായ സംരക്ഷണ വർഷമായി ആചരിക്കുമെന്നും അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി പറഞ്ഞു.
ഭരണഘടന നിലവിൽ വരുന്നതിനുമുന്പ് വിദ്യാഭ്യാസ മത സ്വാതന്ത്ര്യങ്ങൾക്കു വേണ്ടി പടനയിച്ച ബിഷപ് മാർ ജയിംസ് കാളാശേരിയുടെ ചരമസപ്തതിയോടനുബന്ധിച്ചാണു ന്യൂനപക്ഷാവകാശ സംഗമം സംഘടിപ്പിച്ചത്. വിദ്യാലയങ്ങൾ സർക്കാർ അധീനതയിലാക്കാനുള്ള ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ കുത്സിത നീക്കങ്ങളെ സധൈര്യം ചെറുത്തു തോല്പിച്ച സഭാ സ്നേഹിയായിരുന്നു മാർ ജയിംസ് കാളാശേരി.
ഫാ.ചാക്കോ പുതിയാപറന്പിൽ, ഫാ.ജോസഫ് കട്ടപ്പുറം, സിസ്റ്റർ ജിയോ മരിയ, അതിരൂപത ഭാരവാഹികളായ അഡ്വ.പി.പി. ജോസഫ്, ജോയി പാറപ്പുറം, അച്ചാമ്മ യോഹന്നാൻ, ജോർജുകുട്ടി മുക്കത്ത്, ബാബു വള്ളപ്പുര, ടോണി ജെ. കോയിത്തറ, ജോസ് പാലത്തിനാൽ, ഷെയിൻ ജോസഫ്, സണ്ണി മുട്ടാർ, ദേവസ്യ പുളിക്കാശേരി, ഷീന ജോജി എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.