നഷ്ടപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Wednesday, March 26, 2025 11:59 PM IST
പാലാ: ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകള്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കളും സമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രോ-ലൈഫ് ദിനാഘോഷം പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭപാത്രത്തില്‍ വച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളില്‍ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നതെങ്കില്‍ ഇന്നു ജീവനെ ഹനിക്കുന്ന ശക്തികള്‍ പിടിമുറുക്കിയിരിക്കുന്നതിനാല്‍ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.
കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. വേദനകളുടെയും കിരാതമായ കൊലപാതകങ്ങളുടെയും കാലങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജയിംസ് ആഴ്ചങ്ങാടന്‍, ജോണ്സണ് ചൂരേപറമ്പില്‍, സാബു ജോസ്, ജെസീന് ജോ എന്നിവര്‍ പ്രസംഗിച്ചു.
ജീവന്റെ സമഗ്ര സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച ഫാ. ജോസ് കോട്ടയില്‍, റവ.ഡോ. കുര്യന് മറ്റം, ജോയിസ് മുക്കുടം, സിസ്റ്റര്‍ വനജ എസ്എംഎസ്, സന്തോഷ് ആൻഡ് മിനി മരിയസദനം, കുരുവിനാല്‍ പുന്നോലില്‍ ടോമി ആൻഡ് അമ്പിളി എന്നിവരെ ആദരിച്ചു. പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ സ്വാഗതവും കെസിബിസി പ്രോ-ലൈഫ് ട്രഷറര്‍ ടോമി പ്ലാത്തോട്ടം നന്ദിയും പറഞ്ഞു.
പ്രോ-ലൈഫ് ദിനാഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 8.45ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകി.റവ. ഡോ. ദേവ് കപ്പൂച്ചിന്‍, ജോര്‍ജ് എഫ്. സേവ്യര്‍ എന്നിവര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്കി.
പാലാ രൂപത പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്സിസി, പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ്, സെക്രട്ടറി ഡോ. ഫെലിക്സ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗ കമ്മിറ്റി ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി.