കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Monday, March 10, 2025 3:08 AM IST
കാസര്‍ഗോഡ്: 26 ദിവസം മുന്‍പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും ഓട്ടോഡ്രൈവറായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടില്‍നിന്ന് അര കിലോമീറ്ററോളം അകലെയുമുള്ള കാട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അഴുകി അസ്ഥികൂടം മാത്രമായ നിലയിലായിരുന്നു.
ഫെബ്രുവരി 12നു പുലര്‍ച്ചെയാണു കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റ പിറകുവശത്തെ വാതില്‍ തുറന്നു പുറത്തേക്കു പോയെന്നാണു രക്ഷിതാക്കള്‍ പോലീസിനു നല്കിയ മൊഴി. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.
കാണാതായ അന്നുമുതല്‍ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
മകളെ കണ്ടെത്തുന്നതിനു കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ചെയ്തിരുന്നു. കുമ്പള പോലീസില്‍നിന്ന് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന അപേക്ഷ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ധര്‍മത്തടുക്ക എസ്ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണു ശ്രേയ.