ലഹരി സംഘങ്ങളെ അടിച്ചമർത്താൻ ആളില്ല
സ്വന്തം ലേഖകൻ
Monday, March 3, 2025 5:45 AM IST
തിരുവനന്തപുരം: പോലീസ് സേനയെ വരുമാന വർധനവിനുള്ള ഉപാധിയാക്കിയത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ വീഴ്ച്ച വരാനിടയാക്കിയതായി വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ തടയാനുള്ള പോലീസ് സേനയെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി തുടർച്ചയായ വാഹന പരിശോധനകൾക്കടക്കം നിയോഗിച്ചതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി മാഫിയാ സംഘങ്ങൾ ഇത്രയധികം പിടിമുറക്കാൻ കാരണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ലഹരി അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്പോഴും വൻകിട ലഹരി കടത്തുകാരെ പിടികൂടുന്നതിനോ ലഹരി സംഘങ്ങളെ അമർച്ച ചെയ്യുന്നതിനോ ആവശ്യമായ ശക്തമായ പോലീസ് നടപടി ഇനിയും തുടങ്ങിയിട്ടില്ലെന്നാണു വിമർശനം.
സാന്പത്തിക പ്രതിസന്ധിയിലായ സർക്കാരിനെ താങ്ങി നിർത്താൻ ടാർഗറ്റ് തുകയും കൊടുത്തു പോലീസുകാരെ ഹെൽമറ്റും സീറ്റ് ബെൽറ്റും പുകപരിശോധനാ സർട്ടിഫിക്കറ്റും പിടിക്കാൻ പറഞ്ഞു വിടുകയായിരുന്നു സർക്കാർ. ഇത്തരം പെറ്റിത്തുക സ്വരൂപിക്കലായിരുന്നു പോലീസിന്റെ പ്രഥമ ജോലിയായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ കണ്ടിരുന്നത്. ഇപ്പോഴും അതിനു മാറ്റമില്ലെന്ന വിമർശനവുമുണ്ട്.
പോലീസ് ജീപ്പുകൾക്കുള്ള ഇന്ധനത്തുക പോലും കമ്മിയായപ്പോൾ, പെറ്റിത്തുക പിരിക്കൽ വ്യാപകമാക്കി. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർക്കും ഇതൊരു ഹരമായി മാറി. ഇപ്പോഴാകട്ടെ വാഹന യാത്രക്കാരെ തടഞ്ഞു നിർത്താതെ മൊബൈൽ ഫോണ് ഉപയോഗിച്ചു ചെറിയ ഗതാഗത നിയമ ലംഘനങ്ങൾക്ക് പെറ്റിത്തുക പിരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന നിർദേശമെന്നു പോലീസുകാരും പറയുന്നു. എന്നാൽ, അപകടകരമായ അമിത വേഗവും മറ്റു ക്രിമിനൽ ഗതാഗത നിയമ ലംഘനവും നടത്തുന്നവർക്കെതിരേ കാര്യമായ ഒരു നടപടിയും സ്വീകരിക്കാറില്ല.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി മാഫിയ കഴിഞ്ഞ ഏതാനും വർഷങ്ങളായി വേരുറപ്പിച്ചപ്പോഴും പോലീസ് ഈ മേഖലകളിലേക്കു കാര്യമായി തിരിഞ്ഞു നോക്കിയില്ല. പലപ്പോഴും പരാതി നൽകിയാൽ പോലും നടപടി പേരിനു മാത്രമായിരുന്നു.
ഇപ്പോൾ കൈവിട്ട അവസ്ഥയിലാണ് പോലീസ് റെയ്ഡ് അടക്കമുള്ള നടപടികളുമായി രംഗത്ത് എത്തുന്നതെന്ന വിമർശനവുമുണ്ട്. ലഹരി കടത്തുകാർക്കെതിരേ നടപടിയെടുക്കുന്പോഴുള്ള ചില ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അവിഹിതമായ ഇടപെടലുകളും നിശബ്ദരാകാൻ കാരണമായതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് വിതരണം നടത്തുന്നതിന്റെ ചെറിയ അളവിലുള്ള ലഹരി വസ്തുക്കൾ പിടികൂടാൻ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
പരിശോധനകൾ വ്യാപകമാക്കാൻ പോലീസിന് കൃത്യമായ സന്ദേശം നൽകിയാൽ ഒരു പരിധിവരെ ലഹരി മരുന്നു മാഫിയയെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ലഹരി പരിശോധന കൂടുതൽ വ്യാപകമാക്കാൻ പോലീസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നേരിയ തോതിൽ തുടങ്ങിയ ലഹരി പരിശോധന കൂടുതൽ വ്യാപകമാക്കാൻ പോലീസ്. ചെറുകിട കച്ചവടക്കാർക്കൊപ്പം വൻകിട ലഹരി വിൽപനക്കാരെ പിടികൂടാനായി പ്രത്യേക പദ്ധതി തയാറാക്കാനാണ് പോലീസ് നീക്കം.
പോലീസിന്റെ പി-ഹണ്ട് ഓപ്പറേഷൻ കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തി വ്യാപിപ്പിക്കും. രാസലഹരി അടക്കം അതിർത്തി കടക്കുന്നതു തടയാൻ കേന്ദ്ര ഏജൻസികളുമായും മറ്റു സംസ്ഥാനങ്ങളിലെ പോലീസ് അധികൃതരുമായും ബന്ധപ്പെട്ടുള്ള പ്രവർത്തനം നടത്താനും നിർദേശമുണ്ട്.
അപകടകാരികളായ ഗെയിമുകളെ തടയാനും മോശപ്പെട്ട സന്ദേശം നൽകുന്ന സിനിമകൾ നിയന്ത്രിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിനോടും അഭ്യർഥിക്കും. ഈ വർഷം തുടങ്ങിയ ശേഷം രണ്ടു മാസത്തിനകം സംസ്ഥാനത്ത് 63 കൊലപാതകങ്ങളാണ് നടന്നതെന്നാണു പോലീസ് കണക്ക്.