വിവാദത്തിനിടെ മുല്ലപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ. സുധാകരന്
Monday, March 3, 2025 5:35 AM IST
വടകര: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി സുധാകരന്. മുല്ലപ്പള്ളിയുടെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. ഹൈക്കമാന്‍ഡ് ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്ത സാഹചര്യത്തില്‍ക്കൂടിയായിരുന്നു സുധാകരന്റെ സന്ദര്‍ശനം.
ഭിന്നതകള്‍ മറന്ന് ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ഹൈക്കമാന്‍ഡിന്റെ ആഹ്വാനപ്രകാരമായിരുന്നു സന്ദര്‍ശനമെന്ന് സുധാകരനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മുക്കാളിയിലെ വസതിയിലെത്തിയാണ് സുധാകരന് മുല്ലപ്പള്ളിയെ കണ്ടത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.