വിറങ്ങലിച്ച് ...
Sunday, March 2, 2025 2:06 AM IST
താമരശേരി: തീരാദുഖത്തില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും.
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്. മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി നാളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ കാത്തിരിക്കുമ്പോഴാണ് ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുക്കുന്നത്.
കോരങ്ങാട് അങ്ങാടിയിൽനിന്നു പലഹാരം വാങ്ങാൻ 80 രൂപ വൈകുന്നേരം പിതാവ് ഇഖ്ബാൽ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. അതിനിടയിലാണ് കൂട്ടുകാർ ഷഹബാസിനെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ട് പോയത്.
പൊന്നുപോലെ വളർത്തി വലുതാക്കിയ മകൻ ഇനി ഈ വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന യാഥാർഥ്യം ഉമ്മ റംസീനയ്ക്കും ഉപ്പ ഇക്ബാലിനും ഉൾക്കൊള്ളാനായിട്ടില്ല. ആശുപത്രി കിടക്കയില്‍നിന്നു മകൻ അദ്ഭുതകരമായി തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു കുടുംബത്തിന്. എന്നാൽ മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ സങ്കടക്കടലിലാണ് വീടും ചുറ്റുപാടുകളും.
പഠനത്തിലും മറ്റും മിടുക്കനായിരുന്ന ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുത്തതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും ഒപ്പം സഹപാഠികളും. പലരും വിതുമ്പൽ അടക്കി മടങ്ങി.
നേരത്തേ കുറച്ചുകാലം പ്രവാസിയായിരുന്ന ഇക്ബാൽ ഇപ്പോൾ കൂലിപ്പണിയും മറ്റുമൊക്കെയായിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മാതാപിതാക്കൾക്കും താഴെയുള്ള മൂന്നു അനുജന്മാർക്കും വലിയ പ്രതീക്ഷയായിരുന്നു ഷഹബാസ്. ചുങ്കത്തെ തറവാട്ടു വീടിനോടു ചേർന്ന് പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ കോരങ്ങാടുള്ള വാടകവീട്ടിലായിരുന്നു കഴിഞ്ഞ ഒന്നര വർഷമായി കുടുംബം താമസിക്കുന്നത്.
വിമുക്തി മിഷന്റെ കീഴിൽ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍
വിമുക്തി മിഷന്റെ കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സ്ഥലങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒപി സേവനം, കൗണ്‍സലിംഗ്, മരുന്നുകള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യം, യോഗ, ലഹരിയില്‍നിന്നും മോചനം നേടുന്നവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പ്രത്യേക കരുതല്‍ എന്നിവ ഇവിടങ്ങളില്‍ ലഭ്യമാണ്.
ആശുപത്രി, ജില്ല, ഫോണ്‍നമ്പർ
1. ജനറല്‍ ആശുപത്രി നെയ്യാറ്റിന്‍കര, തിരുവനന്തപുരം 0471- 2222235, 6238600247
2. രാമറാവു മെമ്മോറിയല്‍ ആശുപത്രി ചാത്തന്നൂര്‍, കൊല്ലം 0474-2512324, 6238600248
3. റാന്നി താലൂക്ക് ആശുപത്രി, പത്തനംതിട്ട 0473-5229589, 6238600249
4. മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ 0479-2452267, 6238600250
5. പാലാ ഗവണ്മെന്റ് ആശുപത്രി, കോട്ടയം 0482-2215154, 6238600251
6. ചെറുതോണി ജില്ലാ ആശുപത്രി, ഇടുക്കി 0486-2232474, 6238600252
7. മുവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രി, എറണാകുളം 0485-2832360, 6238600253
8. ചാലക്കുടി താലൂക്ക് ആശുപത്രി, തൃശൂര്‍ 0480-2701823, 6238600254
9. കൊട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, പാലക്കാട് 0492-4254392, 6238600255
10. നിലമ്പൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റല്‍ മലപ്പുറം 0493-1220351, 6238600256
11. ഗവണ്മെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട് 0495-2365367, 6238600257
12. മാനന്തവാടി ജില്ലാ ആശുപത്രി, വയനാട് 0493-6206768, 6238600258
13. പയ്യന്നൂര്‍ ഗവണ്മെന്റ് ആശുപത്രി, കണ്ണൂര്‍ 0498-5205716, 6238600259
14. നീലേശ്വരം താലൂക്ക് ആശുപത്രി, കാസര്‍ഗോഡ് 0467-2282933, 6238600260