ലഹരിവഴികളിലെ സങ്കടക്കാഴ്ചകൾ
Sunday, March 2, 2025 2:06 AM IST
ടി. അനികുമാര്‍, റിട്ട. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍
എട്ടു വര്‍ഷം മുമ്പ് ഒരു ദിവസം പുലര്‍ച്ചെ ആറ്റിങ്ങലില്‍നിന്ന് ഒരു പെണ്‍കുട്ടി എന്റെ ഫോണിലേക്ക് വിളിച്ചു. ലഹരിക്ക് അടിമപ്പെട്ട് മാതാപിതാക്കളെ ഉള്‍പ്പെടെ ആക്രമിക്കുന്ന സഹോദരന്റെ കാര്യം പറയാനാണ് ആ കുട്ടി വിളിച്ചത്.
സഹോദരനെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും തുറന്നുവിട്ടാല്‍ അമ്മയെയും തന്റെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും ക്രൂരമായി മര്‍ദിക്കുമെന്നും അവള് കരഞ്ഞുകൊണ്ട് പറഞ്ഞു. കഞ്ചാവ് അടിച്ചുകഴിഞ്ഞാല്‍ അവന് എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ പറ്റില്ല. സഹോദരനെ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സഹായിക്കണേയെന്നാണ് അവര്‍ പറഞ്ഞത്.
അവര്‍ അറിയിച്ച സ്ഥലത്തേക്ക് എക്സൈസ് സംഘം ചെന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അവന് ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായിരുന്നു. 22 വയസുകാരനായ അവനെ ഞങ്ങള്‍ പിടിക്കുന്ന സമയത്ത് അവിടെ ഇരുന്ന കോമ്പസ് എടുത്ത് ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് കുത്തി.
കണ്ണിന് താഴെയാണ് മാരകമായ കുത്തേറ്റത്. അവസാനം ഞങ്ങള്‍ അവനെ പിടികൂടി തിരുവനന്തപുരം പേരൂര്‍ക്കട മാനസിക രോഗാശുപത്രിയില്‍ എത്തിച്ചു. അവന്റെ അച്ഛന് മകനോടൊപ്പം ആശുപത്രിയില്‍ നിന്നു. ദീര്‍ഘകാലം അവിടെ ചികിത്സ നടത്തി. പിന്നീട് അറിയാന്‍ കഴിഞ്ഞത് മൂന്നു വര്‍ഷത്തിനു ശേഷം അവന് ആത്മഹത്യ ചെയ്തുവെന്നാണ്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അന്ന് കേസൊന്നും എടുത്തില്ല. കാരണം ആ കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
ലഹരി ഉപയോഗിക്കുന്നവര്‍ എന്തും ചെയ്യും എന്നതിനുളള ഉദാഹരണമാണ് ഈ സംഭവം. വീട്ടിലുള്ളവരും പുറത്തും നിന്നുള്ളവരുമെല്ലാം ഇത്തരക്കാര്‍ക്കു മുന്നില്‍ ഒരിക്കലും സുരക്ഷിതരല്ല.
അപകടത്തെത്തുടര്‍ന്ന് ലഹരിവിമുക്തനായി
മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് ഉന്നതോദ്യാഗസ്ഥനായ ഒരച്ഛനാണ് എന്നെ വിളിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളില്‍ എസ്എസ്എല്‍സിക്ക് 90 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് വണിനു ചേര്‍ന്ന മകന് ലഹരി സംഘത്തിന്റെ പിടിയിലായി അക്രമിയായി മാറിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്.
പഠിക്കാന്‍ പോകാതെ വീട്ടില്‍ തന്നെയിരുന്നാണ് മകന്റെ കഞ്ചാവ് ഉപയോഗം. ഇതുമൂലം സഹോദരിയുടെ വിവാഹം പോലും നടക്കാതെയായി. മകനെ ഏതെങ്കിലും ലഹരി വിമുക്തകേന്ദ്രത്തിലാക്കാന് സഹായം തേടിയായിരുന്നു ആ അച്ഛന് വിളിച്ചത്.
കുട്ടിയെ എക്സൈസിന്റെ നെയ്യാറ്റിന്‍കരയിലെ ഡി അഡിക്ഷന് സെന്ററില്‍ ആക്കാനായി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും വീട്ടിലെത്തി. അവര്‍ വരുന്നതുകണ്ട് കുട്ടി മുകള്‍ നിലയില്‍ നിന്ന് താഴേക്കു ചാടി. ചാട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കമ്പിയുടെ മുകളിലേക്കാണ് വീണത്.
കാലില്‍ കമ്പി തറച്ചുകയറിയ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രക്ഷിതാക്കള്‍ എങ്ങനെ തിരിയുമെന്ന് അറിയില്ല. പക്ഷേ കുടുംബം മകന്റെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരം ആശുപത്രി അധികൃതരെ അറിയിച്ചു.
ഏറെക്കാലം കിടന്ന കിടപ്പിലായിരുന്ന കുട്ടിക്ക് ലഹരി കിട്ടാതായതോടെ ആദ്യം അക്രമം കാണിക്കാന്‍ തുടങ്ങി. ചികിത്സയും കൗണ്‍സലിംഗും നടത്തിയതിനെ തുടര്‍ന്ന് പിന്നീട് ലഹരിയില്‍നിന്ന് മോചിതനായി.