പ്രശ്നപരിഹാരത്തിനായി ഒന്നിച്ചു നീങ്ങാമെന്ന് മേജർ ആർച്ച്ബിഷപ്
Sunday, March 2, 2025 2:06 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പരിഹാരത്തിനും പ്രാർഥനയുടെയും ഐക്യത്തിന്റെയും ചൈതന്യത്തിൽ ഒന്നിച്ചുനീങ്ങാനും ആഹ്വാനം ചെയ്ത് സംയുക്ത സർക്കുലർ.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിയും ചേർന്നു പുറത്തിറക്കിയ സർക്കുലർ പ്രശ്ന പരിഹാരത്തിനായി മൂന്നു കർമ പദ്ധതികൾ നിർദേശിക്കുന്നു.
നോമ്പുകാല പ്രാർഥന
നമുക്ക് പ്രാര്‍ഥനാപൂര്‍വം അനുതാപത്തോടെ കര്‍ത്താവിങ്കലേക്കു തിരിയാം. ഏറെ സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലൂടെയാണ് നമ്മുടെ അതിരൂപത കടന്നുപോകുന്നത് എന്ന വസ്തുത നാമെല്ലാവരും മനസിലാക്കുന്നുണ്ടല്ലോ.
കര്‍ത്താവു പരിഹരിച്ചാല്‍ മാത്രം പരിഹൃതമാകുന്ന പ്രതിസന്ധികളാണ് നമുക്കു ചുറ്റുമുള്ളത്. ഈ വലിയ നോമ്പുകാലം മുഴുവന്‍ നമ്മുടെ ഇടവക പള്ളികളിലും സമര്‍പ്പിതഭവനങ്ങളിലും എല്ലാ കുടുംബങ്ങളിലും പ്രശ്നപരിഹാരം ലക്ഷ്യമാക്കി തീക്ഷ്ണമായി പ്രാര്‍ഥിക്കണം. നോമ്പുകാലത്തെ നമ്മുടെ ഉപവാസങ്ങളും പരിത്യാഗ പ്രവൃത്തികളുമെല്ലാം ഈ നിയോഗത്തിനായി നമുക്ക് കാഴ്ചവയ്ക്കാം.
ഏകീകൃത കുർബാനയർപ്പണം
സീറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആവര്‍ത്തിച്ച് ആഹ്വാനംചെയ്തതുമായ ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം എന്ന തീരുമാനത്തിന് മാറ്റംവരുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും പള്ളികളില്‍ ഈ തീരുമാനം നടപ്പിലായിട്ടുണ്ട് എന്നുള്ളത് ശ്രദ്ധാര്‍ഹമാണ്.
എന്നാല്‍ മറ്റ് പള്ളികളില്‍ നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ചതിന്റെ വെളിച്ചത്തില്‍ വിവിധ തലങ്ങളിലെ കൂടിയാലോചനകളിലൂടെയും സിനഡിന്റെ അംഗീകാരത്തോടെയും നാം എത്തിച്ചേര്‍ന്ന ധാരണയാണ് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിച്ചു തുടങ്ങാം എന്നത്.
ഏതാനും പള്ളികള്‍ ഈ തീരുമാനം കൃത്യതയോടെ നടപ്പിലാക്കുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. നാം എത്തിച്ചേര്‍ന്ന ധാരണയില്നിന്നുതന്നെ നമുക്ക് പുനരാരംഭിക്കാം. സിവില്‍ കേസുകള്‍ നിലവിലുള്ള പള്ളികളിലുള്‍പ്പെടെ ഞായറാഴ്ചകളില്‍ അര്‍പ്പിക്കപ്പെടുന്ന പതിവു കുര്‍ബാനകളില്‍ ഒരെണ്ണമെങ്കിലും ഏകീകൃതരീതിയില്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് നോമ്പുകാലത്തിലേക്ക് പ്രവേശിക്കാം. ഇപ്രകാരം വിശുദ്ധ കുര്‍ബാനയര്‍പ്പണം ആരംഭിച്ചുകഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള സിവില്‍ കേസുകള്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.
ചര്‍ച്ചകളില്‍ നാം ധാരണയില്‍ എത്തിയിരുന്നതുപോലെ, എല്ലാ പള്ളികളിലും വചനവേദി (ബേമ്മ) എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഉപയോഗിക്കണം. അജപാലന ആവശ്യങ്ങള്‍ക്കായി അതിരൂപതയിലെത്തുന്ന മെത്രാന്മാര്ക്കും വൈദികര്‍ക്കും ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണം.
നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ സഭാത്മകമായി മാത്രമേ നമുക്ക് പരിഹരിക്കാനാവൂ. തെരുവുസമരങ്ങളും കോടതി വ്യവഹാരങ്ങളും നമ്മള് സഞ്ചരിക്കേണ്ട വഴിയല്ല എന്ന് നാം തിരിച്ചറിയണം. നിങ്ങളുടെ ഏതൊരാവശ്യവും സഭാസംവിധാനങ്ങളുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് അനുഭാവപൂര്‍വം തുടര്‍ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്. മുന്‍ വിധികളില്ലാതെ തുറന്ന ചര്‍ച്ചയിലൂടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നമുക്ക് ഹൃദയം തുറക്കാം. ‘ക്ഷമിക്കാതെ നമുക്ക് ഭാവിയില്ല’ എന്ന സത്യം എല്ലാവരും ഗ്രഹിക്കണം.
കഴിഞ്ഞ കാലങ്ങളിലെ മുറിവുകളെക്കുറിച്ചു മാത്രം ചിന്തിക്കാതെ പ്രശ്നപരിഹാരത്തിനായി നമുക്ക് ഒരുമിച്ച് ചിന്തിക്കാം. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താതെ, ക്ഷമാപൂര്‍വം ശ്രവിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമുക്കു ശരിയായ ദിശ കാണിച്ചുതരും. എപ്പോഴും സ്വന്തം ഭാഗം മാത്രമാണ് ശരി എന്ന നിര്‍ബന്ധബുദ്ധി വെടിഞ്ഞ് പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാനുള്ള വിവേകം സഭയ്ക്കു മുഴുവന്‍ സംലഭ്യമാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം.
സമൂഹമാധ്യമങ്ങളിലെ പ്രകോപനങ്ങള്‍ ഒഴിവാക്കാം
പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നാം ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും നമുക്ക് പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കാം. പരസ്പരം കുറ്റപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ തിരുസഭയ്ക്ക് അപമാനമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ആദ്യപടി പ്രകോപനങ്ങള്‍ ഒഴിവാക്കുക എന്നതാണ്. അതിനാല്‍, സഭയെ സ്നേഹിക്കുന്ന എല്ലാ ദൈവമക്കളും എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിചാരണചെയ്യുന്നത് അവസാനിപ്പിച്ച് പ്രാര്‍ഥനാപൂര്‍വ്വം ദൈവീക ഇടപെടലിനായി കൃപാപൂർണമായ മാധ്യമമൗനം പാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
‘മനുഷ്യാ നീ മണ്ണാകുന്നു’ എന്ന പ്രാര്‍ത്ഥനയോടെ വിഭൂതിത്തിരുനാളില്‍ നിത്യതയെക്കുറിച്ച് ധ്യാനിക്കാനുള്ള സഭയുടെ ആഹ്വാനത്തോടെയാണല്ലോ നാം നോമ്പുകാലത്തിലേക്കു പ്രവേശിക്കുന്നത്. നിത്യതയുടെ വെളിച്ചത്തില്‍ ഇന്നിന്റെ പ്രതിസന്ധികള്‍ക്കു പരിഹാരം നമുക്കു കണ്ടെത്താം.
ഏറെ പ്രതിസന്ധികള്‍ക്കു നടുവിലും അജപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ശ്രമിക്കുന്ന അതിരൂപതയിലെ എല്ലാ വൈദികരെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. എങ്കിലും, ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കങ്ങള്‍ സഭയെ മുഴുവനായും നമ്മുടെ അതിരൂപതയെ സവിശേഷമായും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ആചരണത്തിനു മാര്‍ഗമില്ലാതെ പലരും ഓണ്‍ലൈന്‍ കുര്‍ബാനകളിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്.
പൊതുസമൂഹത്തിന്റെയും ഇതര സഭകളുടെയും മുമ്പില്‍ നമ്മുടെ സഭാജീവിതം പരിഹാസ്യമായി. ഇടവകകളിലും കുടുംബങ്ങളിലും ഭിന്നതകള്‍ രൂപപ്പെട്ടു തുടങ്ങി.
ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധിയില്‍ നാമെത്തിയിരിക്കുകയാണ്. നമുക്ക് ഈ പ്രതിസന്ധി പരിഹരിക്കണം.
മഹാരഥന്മാരായ മെത്രാന്മാരുടെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെ അതിശയകരമാംവിധം വളര്‍ന്ന അഭിമാനകരമായ ചരിത്രമാണ് നമ്മുടെ അതിരൂപതയ്ക്കുള്ളത്. ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ആധ്യാത്മികവും ഭൗതികവുമായ കരുത്ത് ഈ അതിരൂപതയ്ക്കുണ്ട്.
ഈ ജൂബിലി വര്‍ഷം അവസാനിക്കും മുന്‍പ് പ്രതിസന്ധികള്‍ മറികടന്ന് പ്രത്യാശയുടെ കവാടം നമുക്ക് കൂട്ടായ്മയില്‍ തുറക്കാമെന്നും സർക്കുലർ ആഹ്വാനം ചെയ്തു. സര്‍ക്കുലര്‍ ഇന്നോ അടുത്ത ഞായറാഴ്ചയോ വിശുദ്ധ കുര്‍ബാനമധ്യേ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നു നിർദേശമുണ്ട്.