സിനിമ-എല്ലാം പകർത്തണോ?
Sunday, March 2, 2025 2:06 AM IST
എ. ചന്ദ്രശേഖര്‍ ചലച്ചിത്ര നിരൂപകന്
സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്നു വാദിക്കുന്നവരുണ്ട്. സമൂഹത്തിലുള്ളതല്ലേ സിനിമയിലേക്കും സാഹിത്യത്തിലേക്കും പകരുന്നത് എന്നതാണ് അവരുടെ ന്യായം. അതിനുള്ള മറുപടി സിനിമയില്‍ നിന്നുതന്നെ പറയാം. ഒരു നല്ല കുടുംബചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്.
പടമിറങ്ങി രണ്ടു വര്‍ഷത്തിനുശേഷം നമ്മുടെ നാട്ടിലൊരിടത്തു പട്ടി കടിച്ച ഒരു കുട്ടിയെ ചികിത്സിക്കാന്‍ വിട്ടുപോയ ഒരച്ഛന് ആ കുട്ടിയുടെ ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍വേണ്ടി അപ്പൂസിനെ കൊണ്ടുനടക്കുംപോലെ കൊണ്ടുനടന്നുവെന്നു വാര്‍ത്ത വന്നിരുന്നു. ആ സിനിമയുടെ സ്വാധീനത്തിലാണ് ആ അച്ഛന് അതുചെയ്തത്. നമ്മുടെ സമൂഹത്തില്‍ അസുഖം വന്ന എല്ലാ കുട്ടികളെയും അവരുടെ അച്ഛന്മാര് ചികിത്സിപ്പിക്കാതെ കൊണ്ടുനടക്കുകയല്ലല്ലോ. അതുകൊണ്ടു പകര്ത്തിയതുമല്ലല്ലോ. സംവിധായകന് മെനഞ്ഞെടുത്ത ഒരു സിനിമ പിന്നീടു സമൂഹത്തെ സ്വാധീനിക്കുന്നതിന്റെ നേർചിത്രം!
മുകുന്ദനുണ്ണി ഇഫക്ട്!
സ്വന്തം വളര്‍ച്ചയ്ക്കുവേണ്ടി കൊലപാതകമുള്‍പ്പെടെ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു അഡ്വക്കേറ്റിന്റെ കഥയാണ് അടുത്തിടെ ഇറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ്. കഥാവസാനം അയാള്‍ എല്ലാ കുടുക്കുകളില്‍നിന്നും ഊരിവരുമ്പോള് ഭാര്യ അയാളുടെ മുന്‍ കാമുകിയോട് തോറ്റുപോകുന്നവരുടെ ഫിലോസഫിയാണു കര്‍മ സിദ്ധാന്തമെന്നു പറയുന്നുണ്ട്. ഇതേ പ്രമേയം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയരങ്ങളില്‍ എന്ന പേരില്‍ മോഹന്‍ലാലിനെ വച്ച് എംടി സിനിമയാക്കിയിട്ടുണ്ട്. പക്ഷേ, ഉയരങ്ങളുടെ അവസാനം കാവ്യനീതിയെന്നപോലെ മോഹന്‍ലാലിന്റെ കഥാപാത്രം പിടിക്കപ്പെടുമെന്നായപ്പോള്‍ ജീവനൊടുക്കുന്നു. കൊലപാതകി രക്ഷപ്പെടും എന്ന് ആ സിനിമ പറയുന്നില്ല. ദൃശ്യത്തില്‍ നായകന്റെ രക്ഷപ്പെടല്‍ താത്കാലികമാണ്. മൂന്നാം ഭാഗത്തില്‍ അയാള്‍ പിടിയിലാകുമോ എന്നൊരു ചോദ്യം ബാക്കിയുണ്ട്. മുകുന്ദനുണ്ണിയില്‍ അതുപോലുമില്ല. നമ്മള് പ്രായപൂര്‍ത്തിയാകാത്തവരാണ്, പിടിയിലാകില്ല എന്ന ചിന്ത ഇന്നത്തെ കുട്ടികളില്‍ രൂപപ്പെടുന്നതില്‍ ഇത്തരം സിനിമകളുടെ സ്വാധീനം നിഷേധിക്കാനാകുമോ?
വയലന്‍സ് യൂണിവേഴ്സ്!
മാര്‍ക്കോയില്‍ മാത്രമല്ല ലോകേഷ് യൂണിവേഴ്സിലുമൊക്കെ വില്ലന്മാര് വെട്ടിരുമ്പ്, കോടാലി, കമ്പിപ്പാര, ലോറിയുടെ റിം എന്നിങ്ങനെയുള്ള ആയുധങ്ങളുമായി വളരെ പ്രാകൃതമായാണ് ഏറ്റുമുട്ടുന്നത്. ഒറ്റ വെടിക്ക് ആളു തീര്‍ന്നാല്‍ സീന്നീളം കൂടില്ലല്ലോ! പക്ഷേ, ഇതു കാണുന്ന കുട്ടികള്‍ ഇതൊക്കെ ഉപയോഗിക്കും. കഴിഞ്ഞദിവസം സ്കൂള്‍ വിദ്യാര്‍ഥിയെ ആക്രമിച്ചതു നഞ്ചക്ക് എന്ന ആയുധം കൊണ്ടാണ്. അത് ആര്‍ഡിഎക്സ് എന്ന സിനിമയിലെ ആയുധമാണ്. ഗുണ്ടകളെ ഹീറോകളാക്കുന്ന പ്രമേയങ്ങളും യഥേഷ്ടം.
എല്ലാം പകര്‍ത്തിവയ്ക്കണോ?
സിനിമ ഒരു കലാരൂപമാണ്. ജീവിതത്തില്‍ കാണുന്നതെല്ലാം അതേപോലെ പകര്‍ത്തിവയ്ക്കലല്ല കല. അങ്ങനെ ചെയ്താല്‍ അതിനു കലാപരമായ മൂല്യമുണ്ടാവില്ല. പൊതിയേണ്ടതു പൊതിഞ്ഞും പൊതിയേണ്ടാത്തത് അല്ലാതെയും കാണിച്ച് എന്തോ ഉണ്ട് എന്നു ധ്വനിപ്പിക്കുന്നതിലാണ് കല. ഫ്രെയിമുകള്‍ക്കിടയില്‍ കാണാനും നമുക്കു കൂടി സങ്കല്പിക്കാനുമുള്ള അവസരം സിനിമയിലുണ്ടാവണം. വയലന്‍സ് പച്ചയ്ക്കു കാണിക്കാതെ അതിന്റെ ഇംപാക്ട് നല്‍കാനാവും എല്ലാം കാണിക്കണം എന്നതുള്ളതല്ല മികവ്. എന്ത് ആ ഫ്രെയിമില്‍ കാണിക്കരുത് എന്നതിലാണ് ഒരു സംവിധായകന്റെ കഴിവ്.
എത്രത്തോളം കാണിക്കണം?
ഇനി വയലന്‍സ് രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന് ഒരു നടന് പറയേണ്ടതില്ല. പകരം, അത്തരം രംഗങ്ങളെ എങ്ങനെ ധ്വന്യാത്മകമായി അവതരിപ്പിക്കാം എന്നതില്‍ സംവിധായകനുമായി ക്രിയാത്മകമായി ആലോചിക്കാം. നിത്യജീവിതത്തിലും സമൂഹത്തിലും നടക്കുന്ന എന്തും സിനിമാക്കാര് കാണിച്ചോട്ടെ. പക്ഷേ, എവിടെ, എന്തു കാണിക്കണം, എങ്ങനെ കാണിക്കണം, എത്രത്തോളം കാണിക്കണം എന്ന കൃത്യമായ ബോധം സംവിധായകര്‍ക്ക് ഉണ്ടാവണം.
സ്വയം നിയന്ത്രണം
രക്ഷാകര്ത്താക്കള് കുട്ടികളെ വയലന്‍സ് സിനിമകള്‍ കാണിക്കരുത്. എല്ലാ ഓടിടികളിലും ചൈല്‍ഡ് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാനാവും. തിയറ്ററുകളിലും അത്തരം സിനിമകള്‍ക്ക് അവരെ കൂട്ടരുത്.
പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ അതൊക്കെ കണ്ടോട്ടെ. നിയമത്തിനൊക്കെ ഒരു പരിധിയുണ്ട്. സിനിമാക്കാര് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഉചിതമായ പോംവഴി.