സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിയുടെ മൂക്ക് തകർന്നു
Sunday, March 2, 2025 2:05 AM IST
ഒറ്റപ്പാലം: വിദ്യാർഥികളുടെ അക്രമം വീണ്ടും. ഒറ്റപ്പാലത്തു വിദ്യാർഥിയെ സഹപാഠി ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു. സ്വകാര്യ ഐടിഐ വിദ്യാര്‍ഥി സാജനാണ് (20) സഹപാഠിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ക്ലാസ് റൂമില്‍ കിഷോർ എന്ന വിദ്യാർഥി യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്നു പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. സാജന്റെ മൂക്കിന്റെ എല്ലു പൊട്ടി. കണ്ണിനു താഴെയും ആഴത്തിൽ മുറിവേറ്റു. സാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഷോറി(20) നെതിരേ ഒറ്റപ്പാലം പോലീസ് കേസെടുത്തു. ഫെബ്രുവരി 19 നു രാവിലെയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിക്കെതിരേ ചുമത്തിയതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടെന്നും പോലീസ് പറഞ്ഞു.
ക്ലാസ് മുറിയിലേക്കു കയറിവന്ന കിഷോർ സാജന്റെ കഴുത്തില്‍ പിടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സാജൻ ചോദ്യംചെയ്യുന്നതും വാക്പോര് മര്‍ദനത്തില്‍ കലാശിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ തമ്മില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
സാജന്റെ വിശദമായ മൊഴി എടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനുശേഷമേ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്കു പോലീസ് കടക്കുകയുള്ളൂവെന്നാണ് വിവരം.
യാതൊരു പ്രകോപനവുമില്ലാതെ, സീറ്റിലിരുന്ന തന്നെ കിഷോർ ആക്രമിക്കുകയായിരുന്നുവെന്നാണ് മകന് പറഞ്ഞതെന്നു സാജന്റെ അമ്മ സിന്ധു പറഞ്ഞു. മകന്റെ നില ഗുരുതരമാണ്. മൂക്കിന്റെ പാലം വളഞ്ഞു.
സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഇതിനുമുന്‍പും കിഷോര്‍ ആക്രമിച്ചതായി മകന് പറഞ്ഞുവെന്നും പുറത്തുപറഞ്ഞാല്‍ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും സിന്ധു പറയുന്നു.