മകനേ മാപ്പ്... കണ്ണീരണിഞ്ഞ് നാട്
Sunday, March 2, 2025 2:06 AM IST
താമരശേരി (കോഴിക്കോട്): താമരശേരിയില്‍ ട്യൂഷന് സെന്റര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് അടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത് പോലീസ്.
ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍- റംസീന ദമ്പതികളുടെ മകന് എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് മര്‍ദനത്തില്‍ പരിക്കേറ്റു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം.
താമരശേരി ജിവിഎച്ച്എസ്എസിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. നിലവില്‍ അഞ്ചുപേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളതെന്നും ആക്രമണസമയത്ത് കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കേസ് എടുക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജു അറിയിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയ അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കും. നാളെമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.