കെഎസ്ആർടിസി ബസുകളുടെ വാടകനിരക്ക് കുറയ്ക്കും
Sunday, March 2, 2025 2:05 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി സ്വകാര്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന ബസുകളുടെ വാടക നിരക്ക് നേർപകുതിയായി കുറയ്ക്കാൻ ശിപാർശ. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരുടെ യോഗമാണ് ശിപാർശ നല്കിയത്.
ധനകാര്യ വിഭാഗം ശിപാർശ അംഗീകരിച്ചാൽ കോർപറേഷനും പൊതുജനങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടും.സ്വകാര്യബസ് ഓപ്പറേറ്റർമാരുമായുള്ള മത്സരത്തെ നേരിടാനും ഡിപ്പോകളിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്ന ബസുകൾ പ്രയോജനപ്പെടുത്താനും നിരക്ക് കുറയ്ക്കുന്നതുകൊണ്ട് കഴിയും.
വിവാഹം, വിവാഹനിശ്ചയം, കുടുംബപരിപാടികൾ, സംഘടനാ പരിപാടികൾ തുടങ്ങിയവയ്ക്കാണ് ബസ് വാടകയ്ക്ക് നല്കുന്നത്. വാടകനിരക്ക് കുറച്ചാൽ ഇത് ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഓർഡിനറി ബസുകൾ നാല് മണിക്കൂർ വാടകയ്ക്ക് നല്കുന്നതിന് 8500 രൂപയാണ് ഈടാക്കുന്നത്. 75 കിലോമീറ്റർ ദൂരമായി നിജപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറിലധികം സമയമെടുത്താൽ മണിക്കൂറിന് 500 രൂപ വീതം അധികം നല്കണം.
75 കിലോമീറ്റർ അധികരിച്ചാൽ 65 രൂപ കിലോമീറ്ററിന് അധികം നല്കണം. വാടക 4500 രൂപയായി പുതുക്കണമെന്നാണ് ശിപാർശ.
കെഎസ്ആർടിസി നിശ്ചിത കിലോമീറ്റർ ദൂരം നിശ്ചയിച്ച് നാല്, എട്ട്, 12 മണിക്കൂർ എന്നിങ്ങനെയാണ് വാടകയ്ക്ക് കൊടുക്കുന്നത്.
ഓർഡിനറി ബസ് രണ്ടാം സ്ലാബ് എട്ടു മണിക്കൂറിന് 150 കിലോമീറ്റർ 11,000 രൂപ മൂന്നാം സ്ലാബ് 12 മണിക്കൂർ 200 കിലോമീറ്റർ 15000 രൂപ എന്നിങ്ങനെയാണ് നിരക്ക്. അധികരിക്കുന്ന സമയത്തിന് മണിക്കൂർ കണക്കാക്കി വെയിറ്റിംഗ് ചാർജും അധിക ദൂരത്തിന് അധിക ചാർജും ഈടാക്കും.
മിനി ബസ്, 50 സീറ്റ് ഓർഡിനറി ബസ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് നോൺ എസി, വോൾവോ ലോ ഫ്ലോർ ബസ് എന്നീ വിഭാഗങ്ങളായാണ് വാടകയ്ക്ക് നല്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക നിരക്കുകളാണ്. വാടക നിരക്കിന് പുറമേ 18 ശതമാനം ജിഎസ്ടിയും അടയ്ക്കണം.