ആദ്യം സെന്‍സര്‍ ചെയ്യേണ്ടത് വയലന്‍സ്
Sunday, March 2, 2025 2:06 AM IST
അടൂര്‍ ഗോപാലകൃഷ്ണന് സംവിധായകന്
വയലന്‍സ് കൂടിയ പടങ്ങള്‍ കൂടുതലായി ഓടുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ നാട്ടില്‍. എത്രയും വയലന്‍സുണ്ടോ അത്രയും കൂടുതല്‍ പടം ഓടും എന്നുള്ള ധാരണയാണ് പല സിനിമാക്കാര്‍ക്കും. അടുത്ത പടത്തില്‍ അതിലും കൂടുതല്‍ വയലന്‍സ് കാണിക്കാനാണ് അവരുടെ ശ്രമം.
വയലന്‍സ് നിര്‍ബന്ധമായും കാര്യമായും സിനിമകളില്‍ വേണം എന്നതു വളരെ മോശപ്പെട്ട ഒരവസ്ഥയാണ്. ആളുകള്‍ കാണാന്‍ കൂടുന്നതുകൊണ്ടാണ് അതുണ്ടാകുന്നത്. അതു വളരെ തെറ്റായ ഒരു പ്രവണതയാണ്.
മുമ്പും സിനിമകളില്‍ വയലന്‍സ് കുറേശേ ഉണ്ടായിരുന്നു. പക്ഷേ, എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യം എന്ന മട്ടില്‍ ഇപ്പോള്‍ കാണുന്നതുപോലെയൊന്നും ഇല്ലായിരുന്നു. വാസ്തവത്തില്‍ വയലന്‍സ് പ്രചരിപ്പിക്കുന്ന സിനിമകള്‍ എടുക്കാന്‍ പാടില്ല. പക്ഷേ, അങ്ങനെയുള്ള കൂടുതല്‍ പടങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നു. അതു വളരെ അപകടകരമായ ഒരവസ്ഥയാണ്.
ഞാന്‍ സെന്‍സറിംഗിന് അനുകൂലമല്ല. പക്ഷേ, സെന്‍സറിംഗിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതു മറ്റു ചിലതാണ്. രാഷ്ട്രീയപരമായി ഭരണകക്ഷിക്ക് അനുകൂലമല്ലെന്നു തോന്നുന്ന കാര്യങ്ങളാണ് പ്രധാനമായും കട്ട് ചെയ്യുന്നത്. പിന്നെ, സെക്ഷ്വല്‍ കാര്യങ്ങള്‍ നേരിട്ടു കാണിക്കുന്നുണ്ടോ എന്നു നോക്കും. ഉപയോഗിക്കുന്ന ഭാഷയും ശ്രദ്ധിക്കും. പക്ഷേ, ഇപ്പോഴത്തെ ചില സിനിമകളില്‍ കാണുന്നതുപോലെ വളരെ നേരിട്ടുള്ള, വളരെ ക്രൂരമായ വയലന്‍സ് സെര്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യുന്നില്ല.
എന്തായാലും നിലവില്‍ സെന്സറിംഗുണ്ട്. ചിലതൊക്കെ ആളുകള്‍ കാണാന്‍ പാടില്ലെന്നു തീരുമാനിക്കുന്നതാണല്ലോ സെന്‍സറിംഗ്. സെന്‍സര്‍ ചെയ്യണമെന്നു നിര്‍ബന്ധമാണെങ്കില്‍, ആദ്യം സെന്‍സര്‍ ചെയ്യേണ്ടത് ഇതുപോലെയുള്ള വയലന്‍സാണ്. കാരണം, അതാണു സമൂഹത്തെ വളരെ കാര്യമായി ബാധിക്കുന്നത്. ബാക്കിയൊക്കെ പിന്നെയേ വരുന്നുള്ളൂ.
അതില്‍ സെന്‍സര്‍ ബോര്‍ഡ് ഏറെ കര്‍ശനമാവണം. അക്കാര്യത്തില്‍ അവര്‍ക്കു ചുമതലയുണ്ട്. വയലന്‍സ് മൃദുവായ രീതിയിലോ പരോക്ഷമായോ കാണിക്കാമെന്നും എനിക്ക് അഭിപ്രായമില്ല.