ധനാഭ്യർഥന ചർച്ച ഏഴു ദിവസം മാത്രം
Sunday, March 2, 2025 2:06 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വകുപ്പുകളുടെ ഒരു വർഷത്തെ പ്രവർത്തനത്തിന് ബജറ്റിൽ വകയിരുത്തിയ പണം അനുവദിക്കുന്നതിന് നിയമസഭയിൽ നടത്തുന്ന ധനാഭ്യർഥന ചർച്ച 13 ദിവസത്തിൽ നിന്ന് ഒറ്റയടിക്ക് ഏഴു ദിവസമാക്കി ചുരുക്കിയത് 40 വർഷത്തിനിടെ ആദ്യം.
വകുപ്പുകൾക്ക് ആവശ്യമായ തുക വിനിയോഗിക്കുന്നതിന് ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങൾക്കു വിശദമായി ചർച്ച ചെയ്യാനുള്ള അവസരമാണു നിലവിലുള്ളതിൽനിന്നു പകുതിയോളം ദിവസമാക്കി ചുരുക്കിയതു വഴി നഷ്ടമാകുന്നത്.
ധനാഭ്യർഥന ചർച്ചാദിവസങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതിഷേധക്കത്തി നെ തുടർന്ന് ഒരു ദിവസമുള്ള ചർച്ചാ സമയം മൂന്നു മണിക്കൂറിൽ നിന്ന് നാലു മണിക്കൂറാക്കി ഉയർത്താമെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ രേഖാമൂലം അറിയിച്ചത്. എന്നാൽ, നിയമസഭാ ചട്ടം അനുസരിച്ച് ധനാഭ്യർഥനയ്ക്കുള്ള സമയം ഏകപക്ഷീയമായി ഉയർത്താൻ സ്പീക്കർക്ക് കഴിയില്ല.
നിയമസഭയുടെ കാര്യോപദേശക സമിതി യോഗം ചേർന്നോ, നിയമസഭയിൽ പ്രമേയമായി കൊണ്ടു വന്നോ മാത്രമേ ധനാഭ്യർഥനയ്ക്കുള്ള സമയം മൂന്നു മണിക്കൂറിൽ നിന്ന് നാലാക്കി ഉയർത്താൻ കഴിയൂ. സിപിഎമ്മിലെ വർക്കല രാധാകൃഷ്ണൻ സ്പീക്കറായിരിക്കേ ഇക്കാര്യത്തിൽ കൃത്യമായ റൂളിംഗും നൽകിയിട്ടുണ്ട്. ഇതാണ് നിലവിലെ സ്പീക്കർ എ.എൻ. ഷംസീർ ലംഘിക്കുന്നതെന്നാണു വിമർശനം.
കഴിഞ്ഞ 40 വർഷമായി 13 ദിവസം നിയമസഭയിൽ ബജറ്റ് ധനാഭ്യർഥന ചർച്ച നടത്തിയാണ് സുപ്രധാന വകുപ്പുകൾക്കു ഫണ്ട് അനുവദിച്ചിരുന്നത്. ആഭ്യന്തരം, പൊതുഭരണം, ന്യൂനപക്ഷ ക്ഷേമം, പട്ടിക ജാതി- വർഗം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചർച്ചകൾക്ക് ഒരു ദിവസം രണ്ടു വകുപ്പു ക്രമത്തിലായിരുന്നു എടുത്തിരുന്നത്.
ഇപ്പോൾ സിപിഎം സംസ്ഥാന സമ്മേളനത്തിന് അടക്കം അവധി നൽകാനായി ധനാഭ്യർഥന ചർച്ചയ്ക്കുള്ള ദിവസം പകുതിയാക്കി ചുരുക്കിയപ്പോൾ ഒരു ദിവസം ഏഴു വകുപ്പുകൾവരെ ചർച്ചയ്ക്കെത്തും. എംഎൽഎമാർക്ക് നാമമാത്രമായ മിനിറ്റുകൾ മാത്രമാണ് ലഭിക്കുക. ഇതുവഴി ഒരു വകുപ്പിനെക്കുറിച്ച് ഒരു മിനിറ്റു പോലും സംസാരിക്കാൻ അവസരം കിട്ടാത്ത ജനപ്രതിനിധികളുമുണ്ട്.
പ്രതിഷേധം കനത്തതോടെയാണ് പട്ടികജാതി- വർഗ, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ മാർച്ച് 19നുള്ള ധനാഭ്യർഥന ചർച്ചയിൽനിന്ന് വൈദ്യുതി പദ്ധതികളെ ഒഴിവാക്കി 11 ലേക്കു മാറ്റി ക്രമീകരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്പീക്കർ എ.എൻ. ഷംസീർ കത്തിലൂടെ അറിയിച്ചത്. ഇത്തരത്തിലുള്ള സ്പീക്കറുടെ തീരുമാനം നിയമസഭാ നടപടിക്രമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന അഭിപ്രായവും ഉയരുന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1982- 87 കാലത്താണ് ബജറ്റിനു ശേഷമുള്ള ധനാഭ്യർഥന ചർച്ച 13 ദിവസമാക്കി ഉയർത്തിയത്. പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തെ ബേബി ജോണിന്റെ നിരന്തര ആവശ്യത്തെത്തുടർന്നായിരുന്നു ഈ നടപടി. നിയമസഭ പ്രക്ഷുബ്ധമായ ഏതാനും സമയങ്ങളിൽ സഭ ഗില്ലറ്റിൻ ചെയ്താണ് ധനാഭ്യർഥന ചർച്ച വെട്ടിക്കുറച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 75 ദിവസത്തെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി നാലു വർഷത്തോട് അടുക്കുന്പോൾ, ഗവർണറുടെ അനുമതി വാങ്ങി പ്രഖ്യാപിക്കുന്ന നിയമസഭാ സമ്മേളനങ്ങൾ പിന്നീട് കാര്യോപദേശക സമിതി ചേർന്ന് വെട്ടിക്കുറയ്ക്കുകയാണ് പതിവ്. ഇതുവരെ കലണ്ടറിൽ പ്രഖ്യാപിച്ച 75 ദിവസത്തെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. അതായത് രണ്ടര മാസത്തെ സമ്മേളനം വെട്ടി.
32 ദിവസം സഭ ചേരുമെന്നു പ്രഖ്യാപിച്ച ശേഷം 21 ദിവസം വെട്ടിക്കുറച്ച പത്താം സമ്മേളനവുമുണ്ട്. ബജറ്റ് സമ്മേളനമായ ഇത്തവണത്തെ 13-ാം സമ്മേളന കാലയളവിൽ 27 ദിവസമാണ് കലണ്ടറിൽ സഭ ചേരുന്നതു പ്രഖ്യാപിച്ചത്.
2025 ജനുവരി, ഫെബ്രുവരിയിലായി 10 ദിവസം സഭ ചേർന്നു. നാളെ മുതൽ 12 ദിവസം കൂടി ചേരുമെന്നാണ് പ്രഖ്യാപനം. ഇത്രയും നാൾ സഭ ചേർന്നാൽ അഞ്ചു ദിവസമാണ് ഒഴിവാക്കൽ. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ശക്തി ദുർബലമാകുന്നത് സഭയിൽ സർക്കാരിന്റെ ഏകപക്ഷീയ നടപടികൾക്കു കാരണമാകുന്നതായാണ് വിമർശനം.
ഇപ്പോൾ നടക്കുന്ന 15-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം മുതൽ കലണ്ടറിൽ പ്രഖ്യാപിച്ച നിയമസഭാ സമ്മേളന ദിവസങ്ങൾ, സമ്മേളിച്ച ദിവസങ്ങൾ, വെട്ടിക്കുറച്ച ദിവസങ്ങൾ, എന്നിവ ചുവടെ:
ഒന്നാം സമ്മേളനം- 14- 12- 2.
രണ്ടാം സമ്മേളനം- 20- 17- 3.
മൂന്നാം സമ്മേളനം- 24, 21- 3.
നാലാം സമ്മേളനം- 14- 11- 3.
അഞ്ചാം സമ്മേളനം- 23- 15-8.
ആറാം സമ്മേളനം- 10- 8- 2.
ഏഴാം സമ്മേളനം- 9-7- 3.
10-ാം സമ്മേളനം- 32- 11- 21.
11-ാം സമ്മേളനം- 28- 19- 9.
12-ാം സമ്മേളനം-9-8- 1.