പാർട്ടി പ്രസിഡന്റ് പദവിയിൽ കടന്നപ്പള്ളി 36-ാം വർഷം
Sunday, March 2, 2025 2:06 AM IST
നിശാന്ത് ഘോഷ്
കണ്ണൂര്‍: കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റായി മുപ്പത്തിയാറാം തവണയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചിയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കടന്നപ്പള്ളി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന അത്യപൂർവ നേട്ടത്തിലേക്കാണ് കടന്നപ്പള്ളിയെത്തിയത്.
എസ്. വരദരാജന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1989 ലായിരുന്നു കടന്നപ്പള്ളി ആദ്യമായി കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴും കടന്നപ്പള്ളി തുടർന്നു. പിന്നീട് പാര്‍ട്ടി എന്‍സിപിയില്‍ ലയിച്ചപ്പോഴും സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി തന്നെയായിരുന്നു. എന്‍സിപിയിലെ ഭിന്നതയെ തുടർന്ന് 2002ൽ കടന്നപ്പള്ളിയും കൂട്ടരും കോൺഗ്രസ്-എസ് പുനഃസംഘടിപ്പിച്ചു.
അപ്പോഴും കടന്നപ്പള്ളിയെ തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
പിന്നീടിങ്ങോട്ട് പാർട്ടിയുടെ നായകന് കടന്നപ്പള്ളി തന്നെയായിരുന്നു. കോൺഗ്രസ്-എസ് ഒഴികെ കേരള കോണ്‍ഗ്രസുകളില്‍ മാത്രമാണ് ഒരാൾ തന്നെ കൂടുതൽ കാലം പാർട്ടിയെ നയിച്ച ചരിത്രമുള്ളത്. കെ.എം മാണി, ആര്. ബാലകൃഷ്ണപിള്ള, പി.ജെ ജോസഫ് എന്നിവരാണ് പ്രസിഡന്റായോ അല്ലെങ്കിൽ പ്രസിഡന്റിന് തുല്യമായ സംഘടനാ പേരുകളിലോ പാർട്ടികളെ നയിച്ച മറ്റുള്ളവർ.