സമുദായത്തിന്റെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മാർ റാഫേൽ തട്ടിൽ
Sunday, March 2, 2025 2:05 AM IST
കൊച്ചി: സീറോമലബാർ സമുദായത്തിന്റെ അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ അനുവദിക്കില്ലെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രഖ്യാപന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനുവേണ്ടി നിലപാട് എടുക്കുന്ന രാഷ്ട്രീയക്കാർ ഇന്ന് കേരളത്തിൽ കുറയുകയാണ്. പുതിയ രാഷ്ട്രീയ സംസ്കൃതി ഉണ്ടാകേണ്ട സമയമായി. കേരളത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ആക്രമണങ്ങൾ ആശങ്കാജനകമാണ്. ലഹരി മാഫിയയിൽനിന്നു സമൂഹത്തെ സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്.
വന്യജീവി ആക്രമണത്തിൽ ജീവനും ജീവനോപാധിയും സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ സർക്കാർ ആത്മാർഥമായ നടപടികൾ സ്വീകരിക്കണം. കത്തോലിക്ക കോൺഗ്രസ് സഭയുടെ ശക്തിയാണ്. അവകാശ പ്രഖ്യാപനം സഭയുടെ പൊതുആവശ്യങ്ങളാണെന്നും മാർ തട്ടിൽ പറഞ്ഞു.
റബർ, നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോത്പന്നങ്ങൾക്ക് ന്യായവില, ന്യൂനപക്ഷ അവകാശ വിവേചനങ്ങളിൽനിന്നു മോചനം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ, മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം, പിഎസ്സിയുടെ സുതാര്യ പ്രവർത്തനം, അധ്യാപക നിയമനത്തിലെ അവഗണനയിൽ നീതി ലഭിക്കൽ എന്നീ വിഷയങ്ങളിലുള്ള നിലപാടുകൾ അവകാശ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ദളിത് ക്രൈസ്തവ സംവരണം, അധിനിവേശങ്ങളിൽനിന്നു രാഷ്ട്രീയ രംഗത്തെ ചൂഷണങ്ങളിൽ നിന്നുള്ള മോചനം എന്നിവ സമുദായത്തിന്റെ അവകാശമായി പ്രഖ്യാപിച്ചു, കർമപരിപാടികൾക്ക് രൂപം നൽകി.
സമുദായവും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധികളിലുള്ള അവകാശ പ്രഖ്യാപനരേഖ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അവതരിപ്പിച്ചു.
ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ബിജു പറയന്നിലം, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രൂപത ഡയറക്ടർമാരായ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. ചെറിയാൻ അഞ്ഞിലിമൂട്ടിൽ, ഫാ. സബിൻ തൂമുള്ളിൽ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.