സർവകക്ഷിയോഗം വിളിച്ച് പരിഹാരം കാണണം
Sunday, March 2, 2025 2:06 AM IST
എം.എൻ. കാരശേരി
ഇന്ന് കേരളസമൂഹത്തിൽ പടരുന്ന ഹിംസ ഒറ്റയ്ക്കു നിൽക്കുന്ന ഒന്നല്ല. അതിനു വ്യാപകമായി വരുന്ന ലഹരിയോടു ബന്ധമുണ്ട്.
വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന വെറുപ്പുരാഷ്ട്രീയത്തോട് ബന്ധമുണ്ട്. വളരെ വ്യാപകമായി വരുന്ന മതസ്പർധയോടു ബന്ധമുണ്ട്. വളരെ പ്രചാരം നേടി വരുന്ന ജാതിചിന്തയോടു ബന്ധമുണ്ട്. ഇന്ന് യുവത്വത്തെ സ്വാധീനിക്കുന്ന സിനിമകളോടും സീരിയലുകളോടും ബന്ധമുണ്ട്.
നമ്മുടെ സിനിമകളിൽ പ്രശ്നങ്ങൾക്കു പരിഹാരമെന്താ? കൊലയാണ്. ഒരാൾ നല്ല പത്രപ്രവർത്തകനോ നല്ല കളക്ടറോ നല്ല അധ്യാപകനോ ആവട്ടെ. അയാൾക്കൊരു പ്രശ്നം പരിഹരിക്കണമെങ്കിൽ നാട്ടിൽ വേറെ വഴിയൊന്നുമില്ല. വാളോ തോക്കോ എടുത്തിറങ്ങുക. എന്തൊരു ഹിംസയാണു നമ്മുടെ സിനിമകളിൽ.
നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളെന്താ, വെറുപ്പല്ലേ. അതിപ്പോ ഒരു പാർട്ടിയെന്നില്ല. സിപിഎം, സിപിഐ, കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ്...എല്ലാ നേതാക്കന്മാരും അങ്ങിനെയാണെന്നല്ല. ഇത്തരം നേതാക്കൾ എല്ലാ പാർട്ടിയിലുമുണ്ട്.
നമ്മുടെ യുവാക്കൾ, നമ്മുടെ വിദ്യാർഥികൾ ഏതു നേതാവിനെയാണു മാതൃകയാക്കേണ്ടത്? ഏതു പാർട്ടിയിലാണ് അങ്ങനെയൊരു നേതാവുള്ളത്? ഏതു മതത്തിലാണ് അങ്ങനെയൊരു ആചാര്യനുള്ളത്, ഒരു പുരോഹിതനുള്ളത്? ഒരു മതത്തിന്റെ പ്രഭാഷണം എന്നുപറഞ്ഞാലെന്താ? അന്യമതവിദ്വേഷം പ്രചരിപ്പിക്കുകയാണ്.
എന്തൊക്കെയാണു നാട്ടിലെ വാർത്തകൾ? ഒരു മകൻ അമ്മയെയും അമ്മൂമ്മയെയും ബന്ധുക്കളെയുമൊക്കെ ആക്രമിക്കുന്നു, സ്കൂളുകളിൽ കുട്ടികൾ പരസ്പരം ആസൂത്രണം ചെയ്തു തല്ലുകയും കൊല്ലുകയും ചെയ്യുന്നു, റാഗിംഗിന്റെ പേരിൽ എന്ത് അന്യായവും കാണിക്കുന്നു, തല്ലിക്കൊല്ലാം, കൊന്നു കെട്ടിത്തൂക്കാം.
എസ്എഫ്ഐ, കെഎസ്യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ്... എല്ലാമുണ്ട്. ഇത്രയുംവർഷം പ്രവർത്തിച്ചിട്ട് റാഗിംഗ് എന്നതൊരു പ്രാകൃതമായ ഏർപ്പാടാണ്, സംസ്കാരമുള്ള സമൂഹത്തിനു ചേർന്നതല്ല എന്നു കുട്ടികളെ പഠിപ്പിക്കാൻ ഈ പ്രസ്ഥാനങ്ങൾക്കൊന്നും പറ്റിയിട്ടില്ല.
ആലോചിച്ചുനോക്കൂ, ഇവർക്ക് പരിശീലനം കിട്ടുന്നത് അക്രമത്തിനാണ്. വീടിനകത്ത് അക്രമം. അച്ഛൻ അമ്മയെ കൊല്ലുന്നു, അമ്മ അച്ഛനെ കൊല്ലുന്നു, അവർ രണ്ടുപേരും കൂടി മക്കളെ കൊല്ലുന്നു. പിന്നെ ക്വട്ടേഷൻ കൊടുക്കുകയാണ്; ഭർത്താവിനെ കൊല്ലാൻ, ഭാര്യയെ കൊല്ലാൻ.
കൊലയുടെ നാടായി മാറി കേരളം. അതിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്നത് നമ്മുടെ രാഷ്ട്രീയനേതാക്കൻമാരാണ്. അവരുടെ കൂട്ടത്തിൽ കെട്ട വാക്കുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷവും.
രാഷ്ട്രീയനേതാക്കളും സിനിമക്കാരും സാഹിത്യകാരൻമാരും മതനേതാക്കൻമാരുമൊക്കെ കൂടിയിരുന്നാലോചിക്കണം. ഇതിന്റെ പരിഹാരത്തിനു വേണ്ടി സംസ്ഥാനസർക്കാർ ഒരു സർവകക്ഷിയോഗം വിളിക്കണം. അതുപോലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും സാംസ്കാരികപ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം എന്നാണ് എന്റെ അപേക്ഷ.