യുവതലമുറയെ ഇനിയെങ്കിലും രക്ഷിക്കൂ
Sunday, March 2, 2025 2:06 AM IST
ഡോ. സിബി മാത്യൂസ്
കേരളത്തിൽ അടുത്തകാലത്തായി അക്രമവും നിഷ്ഠൂരവുമായ കൊലപാതകങ്ങളും ദിവസേനയെന്നോണം സംഭവിക്കുന്നുണ്ട്.
അമ്മയെ കൊല്ലുന്ന മകനും (താമരശേരി) അച്ഛനെ കൊല്ലുന്ന മകനും (വെള്ളറട) കുടുംബാംഗങ്ങളെ മുഴുവൻ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊല്ലുന്ന 23 വയസുകാരനും (വെഞ്ഞാറമൂട്) ഒക്കെ വാർത്തകളിൽ നിറയുന്നു. പൂക്കോട് കാർഷിക കോളജിലും കോട്ടയത്ത് സർക്കാർവക നഴ്സിംഗ് കോളജിലുമൊക്കെ അരങ്ങേറിയത് ക്രൂരമായ റാഗിംഗ് ആയിരുന്നു.
കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറുകയാണ്. നിസാര കാര്യങ്ങൾക്കുപോലും കത്തിക്കുത്തും തലതല്ലിപ്പൊട്ടിക്കലുമൊക്കെ ദിവസേന സംഭവിക്കുന്നു. ആവേശവും മാർക്കോയും യൂട്യൂബ് വീഡിയോകളും മാത്രമാണോ ഇതിലേക്കു പ്രേരണ നൽകുന്നത്?
അനേകം കൊലപാതകങ്ങളും മദ്യലഹരിയിലാണ്രതേ സംഭവിക്കുന്നതെന്ന് വാർത്തകളിൽ കാണുന്നു. മദ്യം യഥേഷ്ടം ഒഴുക്കുന്ന സർക്കാരിനും ചെറിയ അളവിലെങ്കിലും ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദിത്വമില്ലേ?
കഞ്ചാവിനെ പിന്തള്ളി എംഡിഎംഎ പോലുള്ള ആംഫിറ്റമിൻ ചേർന്ന രാസലഹരികൾ മാർക്കറ്റിൽ ലഭ്യമാണ്. അവയെ വിപണിയിലെത്തിക്കാൻ സംഘടിതരായ വിതരണ ശൃംഖലയും ഏജന്റുമാരുമുണ്ട്. വിദ്യാലയങ്ങളിൽപോലും അവ എത്തിച്ചേരുന്നുണ്ട്. ഈ ഒഴുക്കിനെ തടയാൻ സംസ്ഥാനത്തെ നിയമനിർവഹണ വകുപ്പുകൾക്ക് സാധിക്കുന്നുണ്ടോ? ചെറിയ, ചെറിയ കച്ചവടക്കാരെ പിടിക്കുന്നുണ്ട്. എന്നാൽ അവർക്ക് സാധനം എത്തുക്കുന്നവരിലേക്ക് അന്വേഷണം എത്തുന്നില്ല. പിടികൂടുന്നവരെ ഉപദ്രവിക്കുകയൊന്നും വേണ്ട. അവരുടെ ഫോൺ പരിശോധിച്ചാൽ കണ്ണികളെ മുഴുവൻ കണ്ടെത്താനാകും.
ജനസംഖ്യയിൽ ഭാരതത്തിന്റെ മൂന്നു ശതമാനം മാത്രമേയുള്ളൂവെങ്കിലും മയക്കുമരുന്നു കേസുകളുടെ കാര്യത്തിൽ കേരളം മുന്നിലാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര മുതലായ വലിയ സംസ്ഥാനങ്ങളിലെപ്പോലെ പതിനായിരത്തിനടുത്ത് കേസുകളുടെ എണ്ണം ഇല്ലെങ്കിലും 5695 കേസുകൾ (2022ലെ ഡാറ്റ) എന്നതു കേരളത്തെ സംബന്ധിച്ചിടത്തോളം വലുതാണ്.
2023-2024 വർഷങ്ങളിൽ ധാരാളം കേസുകൾ കേരള പോലീസും സംസ്ഥാന എക്സൈസ് വകുപ്പും രജിസ്റ്റർ ചെയ്തെങ്കിലും കണ്ടെടുത്ത മയക്കുമരുന്നിന്റെ അളവ് തുലോം ചെറുതായിരുന്നു - രണ്ടു ഗ്രാം, നാലു ഗ്രാം മുതലായ അളവിൽ എംഡിഎംഎ കണ്ടെടുത്താൽ അതു പ്രശ്നത്തിന് പരിഹാരമാകുമോ. ബംഗളൂരുവിൽനിന്നു വരുന്ന മയക്കുമരുന്ന് എന്നു പത്രവാർത്ത നൽകിയാൽ ഉത്തരവാദിത്വം തീരുമോ? ആരാണ് വൻകിട വിതരണക്കാർ? എവിടെയാണ് ഇവ ശേഖരിച്ചുവച്ചിരിക്കുന്നത്? മുതലായ വിവരങ്ങൾ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല?
കേന്ദ്രത്തിലെ മൾട്ടി ഏജൻസി സെന്റർ മാതൃകയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനും യോജിച്ച് ഓപ്പറേഷൻസ് നടത്താനുമുള്ള സംവിധാനം എന്തുകൊണ്ട് കേരള പോലീസും സംസ്ഥാന എക്സൈസ്, കേന്ദ്ര എക്സൈസ് നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ എന്നീ വകുപ്പുകൾക്ക് വിഭാവനം ചെയ്യാനാകുന്നില്ല.
നർക്കോട്ടിക് കേസുകളെ സംബന്ധിച്ചു നടപടികൾ ഏകോപിപ്പിക്കാൻ കേരള പോലീസിന് സംസ്ഥാനതലത്തിൽ ഒരു സീനിയർ ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കഴിയില്ലേ? കർശനവും കാര്യക്ഷമവുമായ നടപടികൾ ഈ വിപത്തിനെ നേരിടാൻ എടുക്കേണ്ടതാണ്.