കുട്ടികളുടെ വഴി അറിയണം, തെളിക്കണം
Sunday, March 2, 2025 2:06 AM IST
ജസ്റ്റീസ് കെ. നാരായണ കുറുപ്പ്
“എന്നെയല്ല, എന്റെ മാതാപിതാക്കളെയാണു ശിക്ഷിക്കേണ്ടത്....!
ചെറുപ്പത്തില്‍ വീട്ടിലെ ചെറിയ മോഷണങ്ങളും മറ്റു ചില കുറ്റങ്ങളും ഞാന്‍ ചെയ്തപ്പോള്‍, എന്നെ തിരുത്താന്‍ മാതാപിതാക്കള്‍ തയാറായില്ല. തെറ്റുകള്‍ ചെയ്താലും കുഴപ്പമില്ലെന്ന പാഠമാണ് അതില്‍നിന്നു ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ ഞാന്‍ വലിയ മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തുന്നതിലേക്കെത്തിയതിന് അവര്‍ക്കുമില്ലേ ഉത്തരവാദിത്വം... അതുകൊണ്ട് അവരെ ശിക്ഷിക്ക്..!”
പണ്ടൊരു മജിസ്ട്രേറ്റിനോടു പ്രതിക്കൂട്ടില്‍ നിന്ന ചെറുപ്പക്കാരനായ കുറ്റവാളി പറഞ്ഞ വാക്കുകളാണിത്. നിയമപാലന രംഗത്തുള്ളവരുടെ മാത്രമല്ല, മക്കളെ വളര്‍ത്തുന്ന എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട സംഭവം.
ലഹരി ഉപയോഗത്തിലും കുറ്റകൃത്യങ്ങളിലും പെട്ടു പോകുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം പ്രതിദിനം വര്‍ധിക്കുന്നതിന്റെ വാര്‍ത്തകള്‍ ഇന്നു നാം എത്രയോ കേള്‍ക്കുന്നു...! ലഹരിയുടെ ഉപയോഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളുമൊന്നും അരുതാത്ത കാര്യങ്ങളാണെന്നല്ല, അതൊക്കെയുണ്ടെങ്കിലേ ജീവിതത്തിനൊരു ത്രില്ലുള്ളൂ എന്നു ചിന്തിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുവെന്നു നാം ഭയക്കണം.
മാതാപിതാക്കള്‍, അധ്യാപകര്‍ - തുല്യ ഉത്തരവാദിത്വം
കുട്ടികള്‍ വളരുന്ന കുടുംബസാഹചര്യങ്ങളും സമാനമായ ഉത്തരവാദിത്വമുള്ള വിദ്യാലയാന്തരീക്ഷവും അവരെ നേര്വഴിയിലുറപ്പിക്കുന്നതില് പരാജയപ്പെട്ടുപോകുന്നുവെന്നതിന് ഒറ്റപ്പെട്ടതെങ്കിലും ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും കാണാം.
കുട്ടികളുടെ വളര്‍ച്ചയില്‍ അവരോടു ചേര്‍ന്നുനിന്നു നിരീക്ഷിക്കുകയും തിരുത്തേണ്ടതു തിരുത്തുകയും നല്ല കാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും വേണം. കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും തുല്യമായ ഉത്തരവാദിത്വമാണുള്ളത്.
അവരുടെ കൂട്ടുകെട്ടുകള്‍, സമൂഹ മാധ്യമ ഉപയോഗങ്ങള്‍, വയലന്‍സ് സിനിമകള്‍, അവരുടെ അഭിരുചികള്‍.... അതിനെക്കുറിച്ചു മാതാപിതാക്കളുടെയും അധ്യാപകരുടെയും സൂക്ഷ്മവും സ്നേഹപൂര്‍ണവുമായ ശ്രദ്ധയും കരുതലും ഉണ്ടാകേണ്ടതുണ്ട്.
സിനിമയിലെ അക്രമങ്ങളും പുകവലി ഉള്‍പ്പെടെ ലഹരി ഉപയോഗവുമെല്ലാം അതു കാണുന്നവരില്‍ പ്രത്യേകിച്ചു കുട്ടികളില്‍ സ്വാധീനമുണ്ടാക്കുന്നതാണ്. സിനിമയില്‍ ഇതിനെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാര്യത്തില്‍ നിയമം ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
സര്‍ക്കാര്‍ ഉണരട്ടെ
ആധുനികകാലത്ത് കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്വമേധയാ നിയന്ത്രിക്കണമെന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും നിര്‍ദേശങ്ങള്‍ പലപ്പോഴും പാഴ്വാക്കുകളാവുകയാണ്.
കുട്ടികളുടെ സ്മാര്‍ട്ട് ഫോണുകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമപരമായി ഇടപെടല്‍ നടത്തേണ്ട കാലമാണിത്. ചില വിദേശരാജ്യങ്ങള്‍ ഈ രീതി അവലംബിച്ചിട്ടുള്ളതു ശ്രദ്ധേയമാണ്. അങ്ങനെ വന്നാല്‍ ഇത്തരം മാധ്യമങ്ങളുടെ ദുരുപയോഗവും അതുമൂലമുള്ള അപകടങ്ങളും പകുതിയെങ്കിലും കുറയ്ക്കാനാവും.
‘ഹൈബ്രിഡ് വാര്‍ഫയര്‍’
പലതരം ലഹരികള്‍ ഇന്നു കുട്ടികള്‍ക്കുപോലും ലഭ്യമാകുന്നത് എങ്ങനെയെന്നതില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണം. വിദേശത്തുനിന്നുള്‍പ്പെടെ ആസൂത്രിത ലക്ഷ്യങ്ങളോടെ ലഹരി എത്തിക്കുന്നുണ്ടെങ്കില്‍ അത്തരം ലഹരിശൃംഖലകളെ വേരോടെ പിഴുതുമാറ്റണം. ഇക്കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയും പക്കല്‍ ഞാന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ആയുധങ്ങളൊന്നുമില്ലാതെ, ലഹരിയുടെ രൂപത്തില്‍ അകത്തുനിന്നും പുറത്തുനിന്നും നമ്മെ കീഴടക്കാന്‍ സജ്ജമായി നില്ക്കുന്ന ‘ഹൈബ്രിഡ് വാര്‍ഫയര്‍’ നമുക്കു ചുറ്റുമുണ്ടെന്ന ആശങ്ക നമ്മെ കൂടുതല്‍ കരുതലും ജാഗ്രതയും ഉള്ളവരാക്കണം.
ലഹരിക്കെതിരേ ഞാനും
അനേക വര്‍ഷങ്ങള്‍ മെഡിസിന്, നിയമ രംഗത്തെക്കുറിച്ചുള്ള വായനയും അറിവും അനുഭവങ്ങളുമാണ് പുകയില ഉപയോഗത്തിനെതിരായി ശക്തമായ നിലപാടെടുക്കാനും നിയമനിര്‍മാണത്തിനു കരുത്തു പകരാനും പ്രചോദനമായത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കുന്നതിനുള്ള പ്രചാരണത്തിനും കോടതി ഉത്തരവിനും അതു കരുത്തായി.
പുതിയ കാലത്ത് പുതിയ തരം ലഹരികള്‍ നമ്മുടെ പുതുതലമുറയെ കാര്‍ന്നുതിന്നുന്ന ഘട്ടത്തില്‍, അതിനെതിരായ ശക്തമായ ബോധവ്തകരണവും പ്രതിരോധവും ഒരുക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെയും പുതിയ തലമുറയുടെയും നന്മയ്ക്കുവേണ്ടിയുള്ള ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ ഞാനുമുണ്ടാകും.
(ലേഖകന്‍ ഉള്‍പ്പെട്ട കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് 1999 ജൂലൈ 12നു പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.)