ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി
Sunday, March 2, 2025 2:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ നേട്ടങ്ങളെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കു വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിന്റെ സേവനങ്ങളെ പുകഴ്ത്തിയത്.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം. ശിവശങ്കറിനെ ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ശിവശങ്കർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ശരാശരി 44 ശതമാനം മാത്രമായിരിക്കേയാണ് കേരളത്തിന്റെ നേട്ടം.
ഇത് ഒരാൾ വിളിച്ചു പറഞ്ഞപ്പോൾ എന്തൊരു പുകിലാണ് ഉണ്ടായതെന്നും ശശി തരൂർ എംപിയുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.