സാമൂഹ്യ പ്രശ്നങ്ങളിൽ സിനിമയുടെ സ്വാധീനമുണ്ടായേക്കാം: സുരേഷ് ഗോപി
Sunday, March 2, 2025 2:06 AM IST
തിരുവനന്തപുരം: സാമൂഹ്യ പ്രശ്നങ്ങളിൽ സിനിമയുടെ സ്വാധീനമുണ്ടായേക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം ഉൾപ്പെടെ സമൂഹത്തിനുണ്ടാകുന്ന മൂല്യച്യുതിയിൽ സിനിമയ്ക്കും പങ്കുണ്ട്.പക്ഷേ ഇതെല്ലാം സിനിമയിൽനിന്നു മാത്രമാണുണ്ടായതെന്ന് പറയരുത്. ഇടുക്കി ഗോൾഡെന്ന സിനിമയെ കുറിച്ച് വലിയ വിമർശനമുണ്ട്.
സിനിമ ലഹരി ഉപയോഗത്തെ മഹത്വവത്കരിക്കുന്നു എന്നാണ് ആക്ഷേപം. അത്തരമൊരവസ്ഥ കേരളത്തിലുള്ളതു കൊണ്ടാണ് അത് സിനിമയായത്. അതിനെ മഹത്വവത്കരിച്ചതിന്റെ പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് ആ സിനിമ ചെയ്ത കലാകാരനോട് ചോദിക്കണം.
നേരിയ തോതിലെങ്കിലും സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് താനും. വയലൻസ് കണ്ട് ആനന്ദിക്കാനുള്ളതല്ല, അത് നല്ലതല്ലെന്നും സിനിമയാണെന്നും മനസില്ലാക്കാനും കാണികൾക്കു കഴിയണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.