തെരുവുനായ ആക്രമണം ; നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നവർ 7864
Wednesday, February 26, 2025 1:26 AM IST
അനില്‍ തോമസ്
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് എസ്. സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍.
കമ്മിറ്റിക്ക് രൂപം നല്കാന് കാരണമായ കേസുതന്നെ സുപ്രീംകോടതി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ കാത്തിരിപ്പിനുമേല് കരിനിഴല്‍ വീഴ്ത്തി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
സുപ്രീംകോടതിയുടെ 2016ലെ ഉത്തരവുപ്രകാരം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ ചെയ്തവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
ജനുവരി വരെയുള്ള കണക്കുപ്രകാരം 9008 അപേക്ഷകള്‍ കമ്മിറ്റിക്ക് ലഭിച്ചു. ഇതില്‍ 1144 അപേക്ഷകളിൽ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളൂ. 7864 അപേക്ഷകള്‍ നഷ്ടപരിഹാരം കാത്തുകിടക്കുകയാണ്. ഇതിനിടെയാണ് ഇരുട്ടടി പോലെ കമ്മിറ്റിയുടെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവയ്ക്കുന്ന സാഹചര്യമുണ്ടായത്.
കമ്മിറ്റി രൂപീകരിച്ചത് 2016ല്‍
2001 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരേ കേരളത്തില്‍നിന്നുള്‍പ്പെടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് കമ്മിറ്റി രൂപവ ത്കരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്കു രൂപം നല്കി.
സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മേയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജുഡീഷല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കമ്മിറ്റി. ഒട്ടേറെ അപേക്ഷകളില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കു കത്ത് നല്‍കിയിരിക്കുകയാണ്. അവിടെനിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍.
അധികാരം ഇല്ലാതായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല.
ഇതുവരെ ആയിരത്തിലേറെ അപേക്ഷകളിലായി 8.70 കോടിയുടെ നഷ്ടപരിഹാരം തദ്ദേശസ്ഥാപനങ്ങളില്‍നിന്നു വാങ്ങിക്കൊടുക്കാന്‍ കമ്മിറ്റിക്കു കഴിഞ്ഞു.