കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; വനംമന്ത്രിക്കു നേരേ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
Tuesday, February 25, 2025 2:13 AM IST
ഇരിട്ടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനംമന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ആറളം പുനരധിവാസ മേഖലയിൽ വൃദ്ധ ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സർവകക്ഷി യോഗത്തിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
എടൂർ ടൗണിൽനിന്നു പഞ്ചായത്ത് ഓഫീസിലേക്കു പ്രവേശിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിനു നേരേ ഓടിയടുക്കുകയായിരുന്നു. വണ്ടിയുടെ മുകളിലേക്ക് ഓടിക്കയറിയ പ്രവർത്തകനെ പോലീസ് വലിച്ചിറക്കുന്നതിനിടെ പ്രവർത്തകന്റെ മുണ്ടഴിഞ്ഞു.
പിന്നീട് അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രവർത്തകൻ ബോണറ്റിനു മുകളിൽ നിന്നത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
ദമ്പതികളുടെ മൃതദേഹം കാണാൻ മന്ത്രിയെത്തി
കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ മൃതദേഹങ്ങൾ ആറളം ഫാമിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെത്തി സന്ദർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി നാട്ടുകാരുമായി സംസാരിച്ചു.
ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് സർവ കക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മന്ത്രി അറിയിച്ചു. മൃതദേഹങ്ങൾ സംസ്കാരത്തിനായി വീട്ടുകാർക്ക് വിട്ടുനൽകാൻ നാട്ടുകാർ അനുവദിച്ചു.
സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.