ആനമതിൽ പൂർത്തിയാക്കും: മന്ത്രി
Tuesday, February 25, 2025 2:13 AM IST
കണ്ണൂർ: മരം മുറിക്കുന്നതിനുള്ള തടസങ്ങൾ നീക്കി ആനമതിൽ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതുവരെ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
ആറളം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മതിൽ പ്രവൃത്തി ഇനിയും ആരംഭിക്കാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനംതന്നെ പ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കും.
കാട്ടാന ആക്രമണത്തിൽ ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആറളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തത്. മരണപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പ് താത്കാലിക ജോലി നല്കുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്നു നൽകും.
ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച ആനകളെ ഉൾക്കാടുകളിലേക്കു തുരത്തുന്നതിനു തിങ്കളാഴ്ച രാത്രിതന്നെ ആർആർടികൾ നടപടി തുടങ്ങി. ഇതിനായി രണ്ടോ മൂന്നോ ആർആർടികളെ അധികമായി നിയോഗിക്കും. ആനമതിൽ നിർമാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിനുതന്നെ നടപടി സ്വീകരിക്കാം.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് താക്കീതോടെ ഉത്തരവിറക്കുമെന്നു മന്ത്രി അറിയിച്ചു.ആനമതിൽ പൂർത്തിയാകും വരെ ചില പ്രദേശങ്ങളിൽ സോളാർ ഹാംഗിംഗ് ഫെൻസിംഗ് നിർമിക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.