ജല്‍ ജീവന് മിഷന് പദ്ധതി വെള്ളംകുടി മുട്ടിച്ചു
Wednesday, February 26, 2025 1:26 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച ജല്‍ ജീവന് മിഷന് പദ്ധതി പാതിവഴിയില്‍ നിലച്ചു. ഈ വര്‍ഷം പൂര്‍ത്തീകരിക്കേണ്ട പദ്ധതി മൂന്നുവര്‍ഷംകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയതോടെ സംസ്ഥാനത്തുടനീളം നിര്‍മാണവും മുടങ്ങി. 44,500 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി മുതല്‍ മുടക്കും.
നിലവില്‍ 10,500 കോടി രൂപമാത്രമാണു സര്‍ക്കാരുകള്‍ വിനിയോഗിച്ചിട്ടുള്ളത്. 4500 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെ നിര്‍മാണത്തില്‍നിന്ന് അവരും പിന്‍വാങ്ങി.
കാലാവധി മൂന്നുവര്‍ഷം ശേഷിക്കെ കുടിശിക തീര്‍ത്ത് നിര്‍മാണം വേഗത്തിലാക്കിയാല്‍ മാത്രമേ പദ്ധതി മുന്നോട്ട് നീങ്ങുകയുള്ളൂ. ജൂണ്‍ മുതല്‍ കാലാവസ്ഥ പ്രതികൂലമാകുന്നതോടെ നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെയും വരും. സംസ്ഥാനം അടുത്ത മൂന്നു വര്‍ഷം 17,000 കോടി രൂപ നീക്കിവച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാനാകൂ.
ഗഡുക്കളായി തുക നല്കിയാല് പണി മുന്നോട്ടു പോകാന്‍ കരാറുകാര്‍ സന്നദ്ധരാണെങ്കിലും കുടിശിക തീര്‍ക്കണമെന്നുള്ള ആവശ്യം നടപ്പാകുന്നില്ല. ജെജെഎം പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചു പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും റോഡുകള്‍ പൂര്‍വസ്ഥിതിയിലായില്ല.
ഓവര്‍ ഹെഡ് ടാങ്കുകളും കുളങ്ങളും പൂര്‍ത്തിയാകാതെ മുടങ്ങിക്കിടക്കുകയാണ്. പുതുക്കിയ കാലാവധിയായ 2028നു മുന്‍പ് ബാക്കി 34,500 കോടി രൂപ എങ്ങനെ ചെലവഴിക്കുമെന്നതിലും വ്യക്തതയില്ല. 2025-26 സാമ്പത്തികവര്‍ഷം സംസ്ഥാനം 560 കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. നിലവില്‍ അന്‍പത് ശതമാനം കേന്ദ്ര വിഹിതം ലഭിക്കുന്ന പദ്ധതിയില്‍ 31-ാം സ്ഥാനത്താണ് സംസ്ഥാനം.
ആദ്യകാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും വിഹിതത്തിന്റെ നാലിലൊന്നുപോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നതിന് ആനുപാതികമായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ പണം ചെലവിടുകയുള്ളൂ. എണ്ണൂറില്പരം കരാറുകാര്‍ക്കായി 4500 കോടിയില്‍പരം രൂപ കുടിശിക വരുത്തിയതിൽ കരാറുകാര്‍ പ്രതിഷേധത്തിലാണ്.