മുനമ്പം ജുഡീഷല്‍ കമ്മീഷന്: വഖഫ് സംരക്ഷണവേദിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍
Wednesday, February 26, 2025 1:26 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി തര്‍ക്കവിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ വഖഫ് സംരക്ഷണവേദി ഫയല്‍ ചെയ്ത ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അര്‍ഹരായവരോ അല്ല ഹര്‍ജിക്കാരെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിച്ചത്. സര്‍ക്കാരിന്റെയടക്കം വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം തുടരാന്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് കേസ് മാറ്റി.
മുനമ്പം ഭൂമി വിഷയത്തില്‍ വസ്തുതാന്വേഷണമാണു നടക്കുന്നതെന്നും ഇതിനായി ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നുമുള്ള വാദം സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ആവര്‍ത്തിച്ചു.
നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുമ്പ് ഉണ്ടായെങ്കിലും വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായിരുന്നതിനാല്‍ അന്തിമതീര്പ്പുള്ള റിപ്പോര്‍ട്ടല്ല ഉണ്ടായത്. ഇപ്പോഴും വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അതിനാല്‍, വീണ്ടും കമ്മീഷനെ നിയമിച്ചതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.